കൊല്ലം: ജില്ലയിൽ ഇന്നലെ പെയ്ത ശക്തമായ മഴയിലും കാറ്റിലും 27 വീടുകൾ ഭാഗികമായി തകർന്നു. വ്യാപകമായി മരങ്ങൾ കടപുഴകി ഗതാഗതം തടസപ്പെട്ടു. കടപുഴകിയ മരങ്ങൾ വൈദ്യുതി തൂണുകൾക്ക് മേൽ പതിച്ച് പല പ്രദേശങ്ങളും ഇരുട്ടിലാണ്. ജില്ലയുടെ കിഴക്കൻ മേഖലയിലാണ് മഴയും കാറ്റും കൂടുതൽ നാശം വിതച്ചത്.
ആര്യങ്കാവിൽ മരം കടപുഴകി വെയ്റ്റിംഗ് ഷെഡ് തകർന്നു. തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാനും കേടുപാടുണ്ടായി. സ്ഥലത്ത് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ഉമ്മന്നൂരിൽ വൈദ്യുതി തൂൺ വീടിന് മുകളിലേക്ക് പതിച്ചു. കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിലും മരങ്ങൾ കടപുഴകി നേരിയ നാശനഷ്ടമുണ്ടായി. ഇലക്ട്രിക് പോസ്റ്റുകൾ കടപുഴകി കെ.എസ്.ഇ.ബിക്ക് വലിയ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. ജില്ലയിലെ ജലാശയങ്ങളിലെ ജലനിരപ്പും ക്രമാതീതമായി ഉയരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാദ്ധ്യത രൂപപ്പെട്ടെങ്കിലും ആരെയും ഒഴിപ്പിച്ചിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ല. ഇന്നും ശക്തമായ കാറ്റും മഴയും തുടരുമെന്ന് മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളിൽ തിരമാല ശക്തമാണ്. പാലരുവി വെള്ളച്ചാട്ടത്തിൽ സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തി.
തകർന്ന വീടുകൾ താലൂക്ക് തിരിച്ച്
കൊല്ലം- 3
കൊട്ടാരക്കര- 18
കുന്നത്തൂർ-1
പത്തനാപുരം-2
പുനലൂർ -3
ഇന്നലെ ലഭിച്ച മഴ മില്ലി മീറ്ററിൽ
ആര്യങ്കാവ്- 20
കൊല്ലം -22
പുനലൂർ- 21.4
തെന്മല ഡാമിലെ ജലനിരപ്പ്
ഇന്ന് 105.54 മീറ്റർ
ഇന്നലെ 104.83 മീറ്റർ