മടത്തറ: കോരിച്ചൊരിയുന്ന മഴയത്തും മടത്തറ ജംഗ‌്‌ഷന് സമീപത്തുനിന്ന് ഭൂവുട മണ്ണ് നീക്കുന്നത് വിവാദമായി. മടത്തറ- കടയ്‌ക്കൽ റോഡിലെ ബസ് സ്‌റ്റോപ്പിന് പിന്നിലുള്ള ഉയർന്ന പ്രദേശത്തെ മണ്ണ് അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി മാറ്റന്നതാണ് കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ബുദ്ധിമുട്ടായത്.
വാഹനങ്ങളിൽ ലോഡ് ചെയ്‌ത് കൊണ്ടുപോകുന്ന മണ്ണ് റോഡിൽ തെറിച്ചു വീണ്, മഴയത്ത് കുഴഞ്ഞു ചെളി പരുവമായതോടെ ഇരുചക്ര വാഹനങ്ങൾ തെന്നി മറിയാനും കാൽനടക്കാർ ചെളിയിൽ പൂന്താനും തുടങ്ങി. കാൽനടക്കാരിൽ നിന്ന് കടകളിലേക്കും റോഡിലെ ചെളിയെത്തി. ഇതോടെ കച്ചവടക്കാർ പൊലീസ് സ്‌റ്റേഷനിലും പഞ്ചായത്ത് ഓഫീസിലും അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.
മണ്ണെടുക്കാൻ പാസ് ഉള്ളതിനാലാണ് അധികൃതർ ഇടപെടാത്തതെന്ന് പ്രദേശവാസികൾ പറയുന്നു. പ്രതിഷേധമുയർന്നതോടെ ഭൂവുടമ ടാങ്കർ ഏർപ്പാടക്കി രാത്രിയിൽ റോഡ് കഴുകി വൃത്തിയാക്കി. പകൽ നടക്കുന്ന മണ്ണ് നീക്കം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.