കൊല്ലം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്ന് കൊല്ലം, ബേപ്പൂർ പോർട്ടുകൾ വഴി മംഗലാപുരത്തേക്ക് കാർഗോ കം റോ പാക്സ് ഷിപ്പിംഗ് സർവീസിന് ആലോചന. വിഴിഞ്ഞത്ത് മദർ ഷിപ്പുകളിലെത്തുന്ന കണ്ടെയ്നറുകൾ ചെറുകിട തുറമുഖങ്ങളിൽ എത്തിക്കുന്നതിനൊപ്പം ടൂറിസം സാദ്ധ്യതയും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
മടക്കച്ചരക്ക് ലഭിക്കാത്തതാണ് സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള സർവീസിന് തടസം. കൊച്ചി, മംഗലാപുരം പോർട്ടുകളിൽ നിന്ന് കൊല്ലത്തേക്ക് ചരക്കുമായി വന്നാലും തിരിച്ച് കാലിയായി മടങ്ങേണ്ടിവരുന്നതിനാൽ വലിയ നഷ്ടം സംഭവിക്കും.
വിഴിഞ്ഞം തുറമുഖത്ത് കൂടുതൽ മദർഷിപ്പുകൾ എത്തുന്നതോടെ ഈ സ്ഥിതി മാറും. മദർഷിപ്പുകളിൽ മംഗലാപുരത്തേക്കുള്ള കണ്ടെയ്നറുകൾ ഉണ്ടാകും. തിരിച്ച് മദർഷിപ്പുകളിൽ കയറ്റിയയ്ക്കാൻ മംഗലാപുരത്ത് നിന്നും കണ്ടെയ്നറുകൾ ഉണ്ടാകും. ഇങ്ങനെ വിഴിഞ്ഞം- മംഗലാപുരം സർവീസ് നടത്തുന്ന ഫീഡർ കപ്പലുകൾ കൊല്ലം, ബേപ്പൂർ പോർട്ടുകളിൽ എത്തിച്ച് ചരക്കുനീക്കം നടത്തും.
സർവീസ് യാഥാർത്ഥ്യമായാൽ നിലവിൽ കൊച്ചി, തൂത്തുക്കുടി, മംഗലാപുരം പോർട്ടുകൾ വഴി നടക്കുന്ന കൊല്ലത്തേക്കുള്ള ഇറക്കുമതിയും ഇവിടെ നിന്നുള്ള കയറ്റുമതിയും കൊല്ലം പോർട്ട് വഴിയാകും.
റോഡ് മാർഗത്തേക്കാൾ വേഗത്തിലെത്താം
കാർഗോ സർവീസ് മാത്രമായാൽ ആവശ്യത്തിന് കണ്ടെയ്നറുകൾ ലഭിക്കില്ല
റോപാക്സ് കൂടിയാകുമ്പോൾ സർവീസ് ലാഭകരമാകും
കപ്പലിന്റെ വ്യത്യസ്ത ഡെക്കുകളിലാകും കണ്ടെയ്നർ, റോപാക്സ് സൗകര്യങ്ങൾ
എമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിച്ചതിനാൽ കൊല്ലത്ത് നിന്ന് കയറുകയും ഇറങ്ങുകയും ചെയ്യാം
കടൽക്ഷോഭവും പോർട്ടുകളിൽ അടുപ്പിക്കുന്നതിന് കാലതാമസവും ഉണ്ടായില്ലെങ്കിൽ റോഡ് മാർഗത്തേക്കാൾ വേഗത്തിലെത്താം
കണ്ടെയ്നർ ലോറി ഗതാഗതവും അന്തരീക്ഷ മലിനീകരണവും കുറയും
എന്താണ് റോപാക്സ് ?
വാഹനങ്ങൾ യാത്രക്കാർ സഹിതം ജലയാനങ്ങളിൽ കൊണ്ടുപോകുന്ന സർവീസാണ് റോപാക്സ്. ഒപ്പം കടലിന്റെ സൗന്ദര്യവും ആസ്വദിക്കാം. കപ്പലുകളിൽ ശീതീകരിച്ച അഡംബര മുറികളും ഭക്ഷണവും വിനോദത്തിനുള്ള ക്രമീകരണവും ഉണ്ടാകും.
ടിക്കറ്റ് നിരക്ക്
ഏകദേശം കാറിന്റെ ഇന്ധന ചെലവിന് സമാനം
കപ്പലിൽ കയറ്രാവുന്ന കണ്ടെയ്നറുകൾ - 100 - 250
സർവീസ് കപ്പൽ കണ്ടെത്താനുള്ള ശ്രമം നടക്കുന്നു. അനുമതി വാങ്ങി രണ്ട് മാസത്തിനകം സർവീസ് ആരംഭിക്കാനാണ് ശ്രമം.
സ്വകാര്യ ഷിപ്പിംഗ് ഏജൻസി