hridyam

കൊല്ലം: ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികൾക്കായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'ഹൃദ്യം' പദ്ധതിയിലൂടെ ജില്ലയിൽ നടന്നത് 353 ഹൃദയ ശസ്ത്രക്രിയകൾ. ഈ വർഷം ഇതുവരെ 72 പേരാണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇതിൽ അഞ്ച് കുട്ടികൾ ശസ്ത്രക്രിയയ്ക്ക് വിധേയരായി.

ജില്ലയിൽ ഒൻപത് സർക്കാർ പ്രസവ കേന്ദ്രങ്ങളാണുള്ളത്. ഇവിടെ ജനിക്കുന്ന കുഞ്ഞുങ്ങളെ പൾസ് ഓക്‌സിമെട്രി സ്‌ക്രീനിംഗിന് വിധേയരാക്കും. ശിശുരോഗ വിദഗ്ദ്ധന്റെ സഹായത്തോടെ എക്കോ ടെസ്റ്റ് ഉൾപ്പെടെ നടത്തിയാണ് ജന്മനാലുള്ള ഹൃദ്രോഗങ്ങൾ കണ്ടെത്തുക. സ്വകാര്യ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കും സേവനം ലഭിക്കും.

രോഗ തീവ്രതയനുസരിച്ച് പട്ടിക തയ്യാറാക്കിയാണ് തുടർ ചികിത്സ. സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ വെന്റിലേറ്റർ സഹായത്തോടെ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ പൂർത്തിയാക്കും.

ചികിത്സ സൗജന്യം

 സർക്കാർ ആശുപത്രികളിലുള്ള പരിശോധന, ആരോഗ്യപ്രവർത്തകരുടെ ഗൃഹസന്ദർശനം, ആർ.ബി.എസ്.കെ സ്‌ക്രീനിംഗ് എന്നിവ വഴി ഹൃദ്രോഗം കണ്ടെത്തും

 നവജാത ശിശുക്കൾ മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് ചികിത്സ സൗജന്യം

 കുട്ടികൾക്ക് തുടർ ചികിത്സയും സാദ്ധ്യമാകും

പദ്ധതി ആരംഭിച്ചത്-2017ൽ

ഇതുവരെ ചികിത്സ തേടിയത്-2025 പേർ

ശസ്ത്രക്രിയകൾ-353

രജിസ്ട്രേഷൻ

 വിവരങ്ങൾ http://hridyam.kerala.gov.in ൽ സ്വന്തം നിലയിലും ഡി.ഇ.ഐ.സിയുടെ സഹായത്തോടെയും രജിസ്റ്റർ ചെയ്യാം

 ജില്ലയിൽ വിക്ടോറിയ ആശുപത്രിയിലാണ് ഡി.ഇ.ഐ.സി

 ഗർഭസ്ഥ ശിശുവിന് പ്രശ്‌നങ്ങൾ കണ്ടെത്തിയാൽ ഫീറ്റൽ രജിസ്‌ട്രേഷൻ നടത്താം

എംപാനൽ ചെയ്ത ആശുപത്രികൾ

 ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട്  ഗവ.മെഡിക്കൽ കോളേജ്, കോട്ടയം  അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്, കൊച്ചി  ആസ്റ്റർ മെഡിസിറ്റി, കൊച്ചി  ലിസി ഹോസ്പിറ്റൽ, കൊച്ചി  എസ്.എ.ടി, തിരുവനന്തപുരം  ആസ്റ്റർ മിംസ്, കോഴിക്കോട്  ബി.സി.എം.സി.എച്ച്, തിരുവല്ല

ജില്ലയിൽ പദ്ധതിക്കായി എംപാനൽ ചെയ്ത ആശുപത്രികളില്ല. അതിനാൽ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സൗകര്യം ലഭ്യമാണ്.

ഡി.ഇ.ഐ.സി അധികൃതർ