പരവൂർ: നെടുങ്ങോലം താലൂക്ക് ആശുപത്രി ഓഫീസ് കെട്ടിടം പരിമിതികളിൽ വീർപ്പുമുട്ടുന്നു. കാറ്റും വെളിച്ചവും കടന്നുചെല്ലാത്ത നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിലാണ് ഓഫീസ് ഇപ്പോഴും പ്രവർത്തിക്കുന്നത്.
മൂന്ന് മുറികളും വരാന്തയും ചെറിയ ഇടനാഴിയുമാണ് കെട്ടിടത്തിനുള്ളത്. നിന്നുതിരിയാൻ ഇടമില്ലാത്തവിധം ഇടുങ്ങിയതാണ് ഇവിടം. ആശുപത്രി സൂപ്രണ്ടിന് പ്രത്യേകം മുറിയില്ല. സൂപ്രണ്ട്, മൂന്ന് ക്ലാർക്ക്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അസിസ്റ്റന്റ്, പി.ആർ.ഒ എന്നിവരാണുള്ളത്. ആശുപത്രി സൂപ്രണ്ടിന് മുന്നിൽ പരാതിയുമായി രോഗികളെത്തുമ്പോൾ മറ്റ് ഓഫീസ് പ്രവർത്തനത്തെയും ബാധിക്കും.
പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന കാലത്ത് ഇവിടെ ഒ.പിയും ഫാർമസിയും പ്രവർത്തിച്ചിട്ടുണ്ട്. പൈതൃക സംരക്ഷണത്തിന്റെ പേരിലാണ് കെട്ടിടം നിലനിറുത്തുന്നത്. എന്നാൽ ഓരോ ദിവസം ചെല്ലും തോറും ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ വർദ്ധിക്കുകയാണ്.
പുതുക്കി നിർമ്മിക്കാൻ നടപടിയില്ല
പ്രവർത്തിക്കുന്നത് പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കെട്ടിടത്തിൽ
വാതിലുകളും ജന്നലുകളും ദ്രവിച്ചു
എലിശല്യം രൂക്ഷമായതിനാൽ ഫയലുകൾ പുറത്തുവയ്ക്കാനാവില്ല
കമ്പ്യൂട്ടർ വയറുകൾ കരണ്ടി നശിപ്പിക്കുന്നു
ഓഫീസ് പ്രവർത്തനം ജീർണിച്ച ചുറ്റുപാടിൽ
ആശുപത്രി വിസ്തൃതി - 14 ഏക്കർ
മന്ത്രി അടക്കമുള്ളവരെ ശോച്യാവസ്ഥ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. പുതിയ കെട്ടിടം വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്.
ആശുപത്രി അധികൃതർ