ചിത്രരചനയിൽ വിസ്മയമായി യുവാവ്

കൊല്ലം: വലതു കൈപ്പത്തിയില്ലെങ്കിലും ഇടതു കൈകൊണ്ടുള്ള മനോജിന്റെ വരകൾ വിസ്മയത്തോടെ കാണുകയാണ് നാട്. മനസിൽ തെളിയുന്ന ചിത്രങ്ങൾ അതിമനോഹരമായി കാൻവാസിലേക്ക് പകർത്താൻ മനോജിന് ഒരു കൈപ്പത്തിയുടെ കുറവ് ഒരു പ്രശ്നമേയല്ല.

പത്തനാപുരം മഞ്ജുവിലാസത്തിൽ മനോജിന് (മനു-43) ജൻമനാതന്നെ വലതു കൈപ്പത്തിയില്ല. ഇടതുകൈ കൊണ്ട് ചെറുപ്പം മുതൽ ചെറിയതോതിൽ ചിത്രങ്ങൾ വരച്ചു. ശാസ്ത്രീയമായി ചിത്രകല പഠിക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ജീവിത സാഹചര്യം അനുവദിച്ചില്ല. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം പത്താംക്ലാസിൽ പഠനം നിറുത്തി നമ്പർ പ്ലേറ്റ് എഴുതാനും ടാപ്പിംഗിനും മറ്റും പോയി. തുടർന്ന് മൂന്ന് വർഷം ചിത്രകല പഠിച്ചു. അമ്മ തങ്കമ്മയും അച്ഛൻ തങ്കപ്പനും ഭാര്യ രഞ്ജുവും പിന്തുണ നൽകി. പത്തുവർഷത്തിനിടെ മനോജ് വരച്ചത് എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങൾ.

എക്കാലവും ഒരു ചിത്രകാരനായി ജീവിക്കാനാണ് ഇഷ്ടം. നടൻ മമ്മുട്ടിയുടെ ചിത്രം വരച്ചുകൊണ്ടിരിക്കുകയാണ്. പൂർത്തിയാക്കി അദ്ദേഹത്തിന് സമ്മാനിക്കണമെന്നാണ് ആഗ്രഹം. മക്കൾ: നിസിമോൾ, മെസി

കൊല്ലത്തിന്റെ ചരിത്രം മതിലിൽ

'വരകളിലൂടെ കൊല്ലത്തെ അടയാളപ്പെടുത്തണമെന്നത് വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു. മേയർ പ്രസന്ന ഏണസ്റ്റിന്റെ ചിത്രം വരച്ചു നൽകാൻ എത്തിയപ്പോഴാണ് ഈ ദൗത്യം എന്നെ ഏൽപ്പിച്ചത്'- തനിക്കു ലഭിച്ച പുതിയ അംഗീകാരത്തെപ്പറ്റി മനോജ് പറയുന്നു. ചിന്നക്കടയിൽ നിന്ന് ബീച്ചിലേക്കു പോകുന്ന റോഡിൽ കൊല്ലം പ്രസ് ക്ലബിന് മുന്നിലെ നടപ്പാതയുടെ മതിലിലാണ് കൊല്ലത്തിന്റെ ചരിത്രവും ജീവിതവും മനോജ് വരച്ചു ചേർത്തത്. ആക്രിലിക് പെയിന്റ് കൊണ്ട് നാലുമാസത്തോളം എടുത്താണ് ഈ ഭാഗം പൂർത്തിയാക്കിയത്. രണ്ടുമാസം കൊണ്ട് പൂർത്തിയാക്കണമെന്ന് കരുതിയെങ്കിലും ഇടയ്ക്ക് കൈ ഒടിഞ്ഞതിനാൽ നീണ്ടുപോയി. ജടായുപ്പാറ, തങ്കശ്ശേരി വിളക്കുമാടം, പുനലൂർ തൂക്കുപാലം, മൺറോത്തുരുത്ത്, കല്ലുമാല സമരം, കയറുപിരി, കശുഅണ്ടി തുടങ്ങി 23 ചിത്രങ്ങളാണുള്ളത്. കോർപ്പറേഷനിൽ നിന്ന് കിട്ടിയ സാമ്പത്തിക സഹായത്തിന് പുറമെ ടാപ്പിംഗിന് പോയി കിട്ടുന്ന തുകയും മറ്റും ചെലവഴിച്ചാണ് ഈ ഭാഗത്തെ പൂ‌ർത്തിയാക്കിയത്. സാംബശിവൻ സ്ക്വയറിന്റെ മതിലിലും അടിപ്പാതയുടെ മതിലിലും ചിത്രം വരയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. 75 ഓളം ചിത്രങ്ങൾ വരയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.