കൊല്ലം: ട്രെയിൻ വേഗത 130 കിലോ മീറ്ററായി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൊല്ലം നഗരത്തിലെ കൊടുംവളവ് നികത്താൻ ബൈപ്പാസ് നിർമ്മിക്കാൻ ആലോചന. റെയിൽവേ ലൈനുകളിലെ വളവുകൾ നിവർത്താനുള്ള പദ്ധതിയിൽ ഇരവിപുരം റെയിൽവേ സ്റ്റേഷന് ശേഷം കല്ലുംതാഴത്തേക്ക് പുതിയ റെയിൽവേ ലൈൻ ശുപാർശ ചെയ്യും.

കൊല്ലം നഗരത്തിൽ കമ്മിഷണർ ഓഫീസിനും കൊല്ലം റെയിൽവേ സ്റ്റേഷനും ഇടയിലേത്

8 ഡിഗ്രി കർവാണ്. ഈ ഭാഗത്ത് ഒന്നര കിലോമീറ്ററോളം ദൂരത്തിൽ 30 കിലോമീറ്റർ വേഗതയിൽ മാത്രമേ ട്രെയിനുകൾക്ക് സഞ്ചരിക്കാനാകൂ. അതുകൊണ്ട് തന്നെ ഈ ഭാഗം കടന്നുകിട്ടാൻ പത്ത് മുതൽ 15 മിനിറ്റ് അധികം വേണ്ടിവരും. സമയനഷ്ടം ഒഴിവാക്കാൻ പുതിയ റെയിൽവേ സ്റ്റേഷൻ സഹിതമുള്ള ബൈപ്പാസാണ് ലക്ഷ്യമിടുന്നത്. ഇതിനായി കല്ലുംതാഴത്തോ അയത്തിലോ സ്ഥലം ഏറ്റെടുക്കേണ്ടി വരും.

ശുപാർശ റെയിൽവേ ബോർഡ് അംഗീകരിച്ചാലേ ബൈപ്പാസ് യാഥാർത്ഥ്യമാവുകയുള്ളു. റെയിൽവേ ലൈൻ അലൈൻമെന്റിൽ മാറ്റം വരുത്തി കൂടുതൽ ഭൂമി ഏറ്റെടുത്താകും ജില്ലയിലെ മറ്റ് വളവുകൾ നിവർത്തുക. അലൈൻമെന്റിൽ മാറ്റം വരുമ്പോൾ പെരുമണിലടക്കം പുതിയ റെയിൽവേപാലം വേണ്ടിവരും.

തിരുവനന്തപുരം- എറണാകുളം സെക്ഷൻ സ്പീഡ്

നേരത്തെ -100 കിലോ മീറ്റർ
നേരിയ വളവുകൾ നിവർത്തിയപ്പോൾ -110 കിലോ മീറ്റർ

കൂടുതൽ വളവുകൾ നിവർത്തുമ്പോൾ-130 കിലോ മീറ്റർ

കർവുകളിലെ വേഗത കിലോ മീറ്ററിൽ

1 ഡിഗ്രി - 140

3 ഡിഗ്രി - 90

4 ഡിഗ്രി- 70

8 ഡിഗ്രി- 30

ജില്ലയിലെ വളവുകൾ നിവർത്താനും പുതിയ ബൈപ്പാസ് നിർമ്മാണത്തിനുമുള്ള സർവേ നടപടികൾ വൈകാതെ ആരംഭിക്കും.

റെയിൽവേ അധികൃതർ