photo
കുറവൻചിറ- വല്ലം ക്ഷേത്രം റോഡ്

കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കോട്ടാത്തല കുറവൻചിറ- വല്ലം ക്ഷേത്രം റോഡ് തകർന്ന് തരിപ്പണമായിട്ടും അധികൃതർ അനങ്ങുന്നില്ല. ടാറിംഗിന്റെ അംശംപോലുമില്ലാത്തവിധം റോഡ് തകർച്ചയിലായതോടെ നാട്ടുകാർ ദുരിതത്തിലായി.

ടാറിംഗ് ഇളകി മെറ്റലുകൾ തെറിക്കാൻ തുടങ്ങിയതോടെ പച്ചമണ്ണ് വെട്ടിയിട്ടിരുന്നു. ഇത് മഴക്കാലത്ത് തെന്നിവീഴാൻ വഴിയൊരുക്കി. മിക്ക ദിവസങ്ങളിലും അപകടങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് സമീപവാസികൾ പറയുന്നു. പഞ്ചായത്തിലെ കോട്ടാത്തല, കുറുമ്പാലൂർ, വല്ലം, അവണൂർ വാർഡുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. ഒന്നര കിലോ മീറ്റർ മാത്രമേയുള്ളൂവെങ്കിലും തകർച്ച പരിഹരിക്കാൻ ഇടപെടൽ ഉണ്ടാവുന്നില്ല. ഐ.സി.ഡി.പി സബ് സെന്ററും ഹരിതകർമ്മ സേനയുടെ പ്ളാസ്റ്റിക് സ്റ്റോർ മുറികളും അനാഥാലയവും കരയോഗ മന്ദിരവുമൊക്കെ ഈ റോഡിന്റെ അരികിലാണുള്ളത്. തേവലപ്പുറം, കുറുമ്പാലൂർ ഭാഗങ്ങളിൽ നിന്നു കൊട്ടാരക്കരയ്ക്ക് പോകുന്നവർ ഉപയോഗിക്കുന്ന റോഡുമാണിത്. ദുരിതാവസ്ഥ തുടർന്നിട്ട് വർഷങ്ങളായെന്ന് നാട്ടുകാർ പറയുന്നു.

10 ലക്ഷം അനുവദിച്ചു

ജില്ലാ പഞ്ചായത്ത് മെമ്പർ വി.സുമാലാലിന്റ ശ്രമഫലമായി റോഡിന്റെ നവീകരണത്തിന് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നിർമ്മാണ ജോലികൾ തുടങ്ങിയെങ്കിൽ മാത്രമേ ദുരിതം മാറുകയുള്ളു.