കരുനാഗപ്പള്ളി: കേരളത്തിലെ സഹകരണ ബാങ്കുകളുടെ പ്രവർത്തനം പഠിക്കുന്നതിന്റെ ഭാഗമായി ഒഡീഷയിൽ നിന്നുള്ള വിദഗ്ദ്ധ സംഘം പന്മന സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു.
ഒഡീഷ സംസ്ഥാന സഹകരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സന്തോഷ് കുമാർ ദാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ബാങ്ക് സന്ദർശിച്ചത്. കേരളത്തിലെ സഹകരണ ബാങ്കുകളുടെ വായ്പ വിതരണം, നിക്ഷേപം സ്വീകരിക്കൽ, മറ്റ് വായ്പേതര പ്രവർത്തനങ്ങൾ എന്നിവയാണ് പഠന വിഷയം. ഒഡീഷ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് ഹരീഷ് ചന്ദ്രദാസ്, സഹകരണ രജിസ്ട്രാർ രുദ്രപ്രസാദ് ദാസ്, ജോയിന്റ് രജിസ്ട്രാർമാരായ ഷീബപ്രസാദ് സ്വയിൻ, അർജുൻ നായിക് എന്നിവരാണ് സംഘത്തിലുള്ളത്. ജില്ലാ പ്ലാനിംഗ് രജിസ്ട്രാർ അജി, അസിസ്റ്റന്റ് രജിസ്ട്രാർ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംഘത്തെ അനുഗമിച്ചു. ഒഡീഷ സംഘത്തെ പന്മന ബാങ്കിൽ പ്രസിഡന്റ് അഡ്വ. ഇ. യൂസഫ് കുഞ്ഞ്, സെക്രട്ടറി എമിലി ഡാനിയൽ, ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ജില്ലയിൽ ഇവർ സന്ദർശിച്ച ഏക ബാങ്കാണ് പന്മന സർവീസ് സഹകരണ ബാങ്ക്. ബാങ്ക് നേരിട്ട് നടത്തുന്ന പാസ്കോ മെഡിക്കൽ സെന്ററും സംഘം സന്ദർശിച്ചു.