കൊല്ലം: കാറ്റിലും മഴയിലും കൊട്ടാരക്കര മേഖലയിൽ വ്യാപക നാശനഷ്ടം. 21 വീടുകൾ ഭാഗികമായി തകർന്നു. മരം കടപുഴകിയും വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞും വിവിധ ഇടങ്ങളിൽ നാശമുണ്ടായി.

താലൂക്കിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും മരച്ചീനി, വാഴ കൃഷികളും നശിച്ചു. കടയ്ക്കൽ വടക്കേവയൽ പുതുക്കാട്ട് പുത്തൻവീട്ടിൽ സന്തോഷിന്റെ വീട് മരം വീണ് തകർന്നു. കാഞ്ഞിരം മരം വീണാണ് വീടിന് കാര്യമായ നാശനഷ്ടമുണ്ടായത്. പുത്തൂർ കാരിക്കൽ തേക്കും കൂട്ടത്തിൽ രാധാകൃഷ്ണ പിള്ളയുടെ വീടിന്റെ റൂഫിംഗ് തകർന്നു. കുളക്കട മലപ്പാറ ഷീജ ഭവനത്തിൽ ലാസറിന്റെ വീടിന്റെ അടുക്കള ഭാഗമാണ് തകർന്നത്. ചിമ്മിനി ഉൾപ്പെടെ ഇടിഞ്ഞുവീണു. മൈലം വിജയവിലാസത്തിൽ സുമതിയമ്മ, താഴത്തുകുളക്കട പുലരിയിൽ ഓമന, എഴുകോൺ വാളായിക്കോട് ഇടയ്ക്കിടത്ത് നെടുന്താനത്ത് വീട്ടിൽ രാജീവ്, നിലമേൽ ആഴാന്തക്കുഴി പ്രിനി വിലാസത്തിൽ സതി, കടയ്ക്കൽ ഏറ്റിൻകടവ് പാറവിള പുത്തൻവീട്ടിൽ ശാലിനി, കുമ്മിൾ പുള്ളിപ്പച്ച ലക്ഷംവീട്ടിൽ തങ്കമ്മ, പൂവറ്റൂർ കിഴക്ക് കൊച്ചുമഠത്തിൽ മിനി, പുത്തൂർ കരിമ്പിൻപുഴ കാരിക്കൽ ചെല്ലമ്മ അമ്മ എന്നിവരുടെ വീടുകളും മരംവീണ് തകർന്നു. വീടിന്റെ മേൽക്കൂര തകർന്നു. വില്ലേജ് അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങളുടെ കണക്ക് രേഖപ്പെടുത്തി.