കരുനാഗപ്പള്ളി: അസംബ്ളി നിയോജക മണ്ഡലത്തിൽ പൂർത്തിയാകാതെ കിടക്കുന്ന വികസന വിഷയങ്ങൾ സി.ആർ. മഹേഷ് എം.എൽ.എ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് 15 വികസന വിഷയങ്ങൾ എം.എൽ.എ ഉന്നയിച്ചത്.

തഴവ ഗവ. കോളേജിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ 13.54 കോടിയുടെ ഭരണാനുമതി ലഭിച്ചെങ്കിലും സാങ്കേതിക അനുമതി വൈകിയതിനാൽ ടെണ്ടർ നടപടികൾ ആരംഭിച്ചിട്ടില്ല. ചിറ്റുമൂല റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന് കിഫ്ബിയിൽ നിന്നും 42 കോടി രൂപ വകയിരുത്തിയിട്ടും സാങ്കേതിക അനുമതിയില്ല. കാട്ടിൽ കടവ് പാലം നിർമ്മാണത്തിന് 43.5 കോടി രൂപ വകയിരുത്തി, സാങ്കേതിക അനുമതി ലഭിച്ചു. എന്നാൽ ടെണ്ടർ നടപടികൾ ആവശ്യമാണ്. ആലപ്പാട്ട് ഗ്രാമപഞ്ചായത്തിൽ പുലിമുട്ട് നിർമ്മിക്കുന്നതിന് 172.5 കോടി രൂപ അനുവദിച്ചെെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പ്രത്യേക അംഗീകാരം ആവശ്യമാണ്. കരുനാഗപ്പള്ളി മണ്ഡലത്തിൽ സ്റ്റേഡിയം നിർമ്മിക്കാൻ കേരഫെഡിന്റെ കൈവശം അധികമുള്ള 3 ഏക്കർ ഭൂമി അനുവദിക്കണം. കരുനാഗപ്പള്ളി നഗരസഭയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള ഞാങ്കടവ് പദ്ധതി, പണി പൂർത്തിയായ മാളിയേക്കൽ റെയിൽവേ മേൽപ്പാലത്തിന്റെ ഉദ്ഘാടനം, റവന്യു ടവർ നിർമ്മാണം, പന്നി തോടിന്റെ വശങ്ങൾ സംരക്ഷിക്കാൻ നബാർഡ് ഫണ്ട് അനുവദിക്കൽ, വലിയഴീക്കൽ ടൂറിസം പദ്ധതി, സുനാമി പുനരധിവാസ കോളനികളുടെ പുനരുദ്ധാരണം, കരുനാഗപ്പള്ളിയിലെ കോടതി സമുച്ചയം, തകർന്ന് കിടക്കുന്ന റോഡുകളുടെ പുനരുദ്ധാരണം തുടങ്ങി മുഖ്യമന്ത്രിയെ അറിയിച്ച വിഷയങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എം.എൽ.എ അറിയിച്ചു.