കൊല്ലം: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വീടുകൾക്കും കൃഷിക്കും വ്യാപക നാശം. 24 മണിക്കൂറിനുള്ളിൽ 35 വീടുകളാണ് ഭാഗികമായി തകർന്നത്. കൊട്ടാരക്കര, കുന്നത്തൂർ, പത്തനാപുരം, കൊല്ലം, കരുനാഗപ്പള്ളി, പുനലൂ‌ർ താലൂക്കുകളിലാണ് വീടുകൾ തകർന്നത്. കൊല്ലത്ത് 8 ഉം കൊട്ടാരക്കരയിൽ 18 ഉം പുനലൂരിൽ 4 ഉം പത്തനാപുരത്ത് 2 ഉം കുന്നത്തൂർ 2 ഉം കരുനാഗപ്പള്ളി 1 ഉം വീതം വീടുകളാണ് തകർന്നത്. ഇന്നലെ ഇടവിട്ടുള്ള മഴയാണ് ജില്ലയിൽ ലഭിച്ചത്. മിക്ക റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും ചെറിയതോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കാറ്റിലും മഴയിലും നിലമേൽ ആഴാന്തക്കുഴി പ്രിനി വിലാസത്തിൽ സതിയുടെ വീട്ടിലേക്ക് തേക്ക് മരം പിഴുത് വീണ് വീടിന് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. കലയപുരം പൂവറ്റൂർ കിഴക്ക് മുറിയിൽ കൊച്ചുമഠത്തിൽ വീട്ടിൽ മിനിയുടെ വീടും കുളക്കട കിഴക്ക് മലപ്പാറ ഷീജാ ഭവനത്തിൽ ലാസറിന്റെ വീടും ഭാഗികമായി തകർന്നു. താഴത്ത് കുളക്കട മുറിയിൽ പുലരിയിൽ ഓമനയുടെ വീടിന്റെ വർക്കേരിയ തകർന്നു. മൈലം വില്ലേജിൽ വിജയം വിലാസത്തിൽ സുമതിഅമ്മയുടെ വീടിനും എഴുകോൺ വില്ലേജിൽ വാളായിക്കോട് ഇടയ്ക്കിടത്ത് മുറിയിൽ നെടുന്താനത്ത് വീട്ടിൽ രാജീവിന്റെ വീടിനും മഴയിൽ നാശനഷ്ടം ഉണ്ടായി.

കള്ളക്കടലിന് സാദ്ധ്യത

കേരള തീരത്ത്‌ ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണമെന്നും മത്സ്യബന്ധന യാനങ്ങളുടെയും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ വ്യക്തമാക്കി.

ഇന്നലെ ജില്ലയിൽ ലഭിച്ച മഴ

കൊല്ലം - 100 മില്ലി മീറ്റർ

ആര്യങ്കാവ് - 70 മില്ലി മീറ്റർ

പുനലൂർ - 68.2 മില്ലി മീറ്റർ

വിളിക്കേണ്ട നമ്പർ

വൈദ്യുതി ലൈൻ അപകടം- 1056

ദുരന്ത നിവാരണ അതോറിറ്റി -1077

കെ.എസ്.ഇ.ബി കൺട്രോൾ റൂം - 1912