കൊല്ലം: കശുഅണ്ടി വ്യവസായത്തിന്റെ അന്തകനായി പിണറായി സർക്കാർ മാറിയെന്ന യു.ടി.യു.സി നേതാവ് അസീസിന്റെ പ്രതികരണം കുരുടൻ ആനയെ കണ്ടതുപോലെയെന്ന് കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ.
കോർപ്പറേഷൻ ജീവനക്കാരുടെ ശമ്പള പരിഷ്കരണം വൈകുന്ന സാഹചര്യത്തിൽ ഹെഡ് ഓഫീസ് ജീവനക്കാർക്ക് പ്രതിമാസം 3000 രൂപയും ഫാക്ടറി ജീവനക്കാർക്ക് 2500 രൂപയും ഇടക്കാലാശ്വാസം അനുവദിച്ച കോർപ്പറേഷൻ ഭരണസമിതിയെ അഭിനന്ദിച്ച് ജീവനക്കാർ കോർപ്പറേഷൻ ഹെഡ് ഓഫീസിന് മുന്നിൽ നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു ചെയർമാൻ.
യു.ടി.യു.സി ഉൾപ്പടെയുള്ള ഭരണസമിതിയാണ് കാഷ്യു കോർപ്പറേഷനിലുള്ളത്. എല്ലാ പ്രവർത്തനങ്ങളും കൂടിയാലോചിച്ചാണ് ചെയ്യുന്നത്. കശുഅണ്ടി മേഖലയെ തകർത്തത് കേന്ദ്രസർക്കാർ നയങ്ങളാണ്. കേന്ദ്ര പാക്കേജ് വേണമെന്ന വ്യവസായികളുടെയും ട്രേഡ് യൂണിയനുകളുടെയും ആവശ്യത്തോട് യു.ടി.യു.സിയുടെ പ്രതികരണം അറിയാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർ.ശ്രീരാജ് അദ്ധ്യക്ഷനായി. അയത്തിൽ സോമൻ, പി.ഡി.ജോസ് എന്നിവർ സംസാരിച്ചു. ബി.സുജീന്ദ്രൻ സ്വാഗതവും ബി.സുനിൽകുമാർ നന്ദിയും പറഞ്ഞു.