കൊല്ലം: ദേശീയപാതയിൽ ഗതാഗതം സ്തംഭിക്കുമ്പോൾ സമാന്തര ഗതാഗതത്തിന് ആശ്രയിക്കുന്ന ആലാട്ട്കാവ് ക്ഷേത്രം - പൂമുഖം റോഡ് കുണ്ടും കുഴിയുമായിട്ട് രണ്ടാണ്ട് പിന്നിടുന്നു. ഇതുവഴിയുള്ള ഗതാഗതം ദുസഹമായെന്ന് മാത്രമല്ല റോഡിലെ ഭീമൻ കുഴികളിൽ വെള്ളം കെട്ടി അസഹ്യമായ ദുർഗന്ധം കാരണം പ്രദേശവാസികൾക്ക് ശ്വാസമെടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.
അഞ്ച് വർഷം മുമ്പ് സി.എം.എൽ.ആർ.ആർ.പി പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നവീകരണത്തിന് പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ കരാറുകാരൻ പണി ആരംഭിക്കാഞ്ഞതിനെ തുടർന്ന് കരാർ റദ്ദാക്കി. റീ ടെണ്ടറിനുള്ള ശ്രമങ്ങൾ നടക്കവേ രണ്ട് വർഷം മുമ്പ് ഭൂഗർഭ കേബിൾ സ്ഥാപിക്കാനായി റോഡിന് നടുവിലൂടെ കുഴിയെടുത്തു. കേബിൾ സ്ഥാപിച്ച് കെ.എസ്.ഇ.ബി പൊടിയും തട്ടി പോയി. മഴ പെയ്തതതോടെ വെട്ടിപ്പൊളിക്കാത്ത ഭാഗവും തകർന്നു. ഇതിനിടയിൽ വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിച്ചു. ഇതോടെ റോഡിൽ ടാറിന്റെ പൊടിപോലുമില്ലെന്ന് മാത്രമല്ല നിറയെ വൻകുഴികളുമായി.
ഇതോടെ സി.എം.എൽ.ആർ.ആർ.പി ഫണ്ട് ഉപയോഗിച്ച് റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയായി. ഉള്ള പത്ത് ലക്ഷം രൂപയ്ക്ക് ഒന്നര കിലോ മീറ്ററോളമുള്ള റോഡിൽ പൂമുഖം ഭാഗത്ത് 300 മീറ്റർ നീളത്തിൽ ഇന്റർലോക്ക് മാത്രമാണ് പാകാനായത്. മറ്റിടങ്ങളിൽ മഴ പെയ്ത് വെള്ളക്കെട്ട് രൂപപ്പെട്ടതോടെ റോഡിലെ കുഴികളിൽ വീണ് ഇരുചക്ര വാഹനയാത്രക്കാരുടെ കാലും കൈയും ഒടിയുന്നത് പതിവായിരിക്കുകയാണ്.
പൊളിച്ചത് കെ.എസ്.ഇ.ബിയും വാട്ടർ അതോറിറ്റിയും
ഫണ്ട് അനുവദിച്ചപ്പോൾ കുത്തിപ്പൊളിച്ചത് കെ.എസ്.ഇ.ബിയും വാട്ടർ അതോറിറ്റിയും
കുഴിയിൽ വീഴാതിരിക്കാൻ വെട്ടിത്തിരിക്കുന്നതോടെ വാഹനങ്ങൾ അപകടത്തിൽപ്പെടും
മഴയ്ക്കൊപ്പം കുഴികളുടെ ആഴവും വർദ്ധിച്ചു
വാഹനങ്ങൾ ഇടിച്ച് വീടിന്റെ ഗേറ്രുകളും കുടിവെള്ള പൈപ്പുകളും തകർന്നു
വെള്ളം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നു
അറ്റകുറ്റപ്പണി വൈകുന്നതിൽ പ്രദേശവാസികൾക്കിടയിൽ പ്രതിഷേധം
റോഡിന്റെ നീളം 1.5 കിലോ മീറ്റർ
ഇന്റർ ലോക്ക് പാകിയത് - 300 മീറ്റർ
റോഡ് നവീകരണം പൂർത്തിയാക്കാൻ വാർഷിക പദ്ധതിയിൽ പണം വകയിരുത്തിയിട്ടുണ്ട്.
എ.ആശ, ആലാട്ട്കാവ് കൗൺസിലർ