കൊല്ലം: ചടയമംഗലത്തിനടുത്ത് പോരേടം മേഖലയിലെ കണ്ണംപാറ, കല്ലടത്തണ്ണി പ്രദേശങ്ങളിൽ പാറ ഖനനത്തിന് അനുമതി നൽകിയതിനെതിരെ പ്രദേശവാസികൾ ഉപവാസ സമരം നടത്തി. പരിസ്ഥിതി പ്രവർത്തകൻ ഇ.എസ്. അനിൽ ഉദ്ഘാടനം ചെയ്തു. വൈകിട്ട് നടന്ന സമാപന സമ്മേളനം ആക്ടിവിസ്റ്റ് സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.
കല്ലടത്തണ്ണി, കണ്ണമ്പാറ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിലാണ് സമരം നടക്കുന്നത്. ജനവാസ മേഖലയിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് പാറ ഖനനത്തിന് അനുമതി നൽകിയിരിക്കുന്നതെന്ന് സമരസമിതി ആരോപിച്ചു. സ്ഥലം സന്ദർശിക്കുകയോ പരിശോധനകൾ നടത്തുകയോ ചെയ്യാതെയാണ് അധികാരികൾ ക്വാറിക്ക് അനുമതി നൽകിയതെന്നും ആരോപണമുണ്ട്. ആക്ഷൻ കൗൺസിൽ അംഗങ്ങളായ എം.എസ്. റംലി, സലീം കൊട്ടുംപുറം, രാധാകൃഷ്ണൻ കണ്ണംപാറ, ഡി. ജിഷാദ്, മിനി, സുനി എന്നിവരാണ് ഉപവാസം അനുഷ്ഠിച്ചത്. ഉദ്ഘാടന ചടങ്ങിയ ഗ്രാമ പഞ്ചായത്ത് അംഗം അമ്പലത്തിൽ നസീം അദ്ധ്യക്ഷത വഹിച്ചു. ചടയമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി സുനിൽ, സാഹിത്യകാരൻ മടവൂർ സുരേന്ദ്രൻ, മുൻ പഞ്ചായത്ത് അംഗം ടി. വിമൽകുമാർ, പരിസ്ഥിതി പ്രവർത്തകരായ ഓടനാവട്ടം വിജയപ്രകാശ്, ഷാജിമോൻ കാരാളികോണം, സുധാകര കുറുപ്പ്, ഇസ്മായിൽ ഖനി, വൈ. നാസ്സർ, സലാഹുദ്ദീൻ, മടവൂർ ഗ്രാമ പഞ്ചായത്ത് അംഗം ഹസീന, കിളിമാന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം അഫ്സൽ തുടങ്ങിയവർ സംസാരിച്ചു. എം.എസ്. റംലി സ്വാഗതവും ഡി. ജിഷാദ് നന്ദിയും പറഞ്ഞു.