തൊടിയൂർ: മാരാരിത്തോട്ടത്തെ രണ്ട് റെയിൽവേഗേറ്റുകൾ കടന്നുപോകാൻ നാട്ടുകാർ പെടാപ്പാട് പെടുന്നു. കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിൽ നിന്ന് ചാമ്പക്കടവ് റോഡ് ആരംഭിക്കുന്ന മിടുക്കൻ മുക്കിലും തൊട്ടടുത്തു തന്നെയുള്ള മാരാരിത്തോട്ടം ക്ഷേത്രത്തിന് വടക്ക് വശത്തുമുള്ള ഗേറ്റടുകളാണ് നാട്ടുകാരെ വലയ്ക്കുന്നത്.
ഇവിടെ വളരെ വീതി കുറഞ്ഞ പഞ്ചായത്ത് റോഡിലാണ് ലെവൽ ക്രോസ് സ്ഥിതി ചെയ്യുന്നത്. ഒരു സമയം രണ്ടു കാറുകൾ ക്രോസ് ചെയ്തു പോകാൻ പോലും ബുദ്ധിമുട്ടാണ്. ട്രെയിൻ പോകുന്നതിനായി തുടർച്ചയായി ഈ ഗേറ്റുകൾ അടയ്ക്കാറുണ്ട്. ചിലപ്പോൾ മൂന്നു ട്രെയിനുകൾ വരെ കടന്നു പോയ ശേഷമായിരിക്കും ഗേറ്റ് തുറക്കുക. തുറന്നു കഴിയുമ്പോൾ അപ്പുറവും ഇപ്പുറവുമെത്താൻ വൻ തിരക്കാണ്
അനുഭവപ്പെടുന്നത്. ഒട്ടുമിക്ക ദിവസങ്ങളിലും വാഹനങ്ങൾ ഗേറ്റിനുള്ളിൽ കുരുങ്ങുന്ന അവസ്ഥയുമുണ്ട്. അപ്പോഴേക്കും അടുത്ത ട്രെയിൻ വരാനുള്ള സമയമാകും. ഗേറ്റിനുള്ളിൽ കുരുങ്ങിയ വാഹനങ്ങൾ കടന്നു പോകാൻ വൈകുന്നതു മൂലം ഗേറ്റ് അടയ്ക്കാനും വൈകും.
ലെവൽ ക്രോസിന്റെ തൊട്ടാടുത്ത് റോഡ് തകർന്ന് വലിയ വെട്ടുകുഴികൾ രൂപപ്പെട്ടു. മഴക്കാലമായതോടെ ഈ കുഴികളിൽ വെള്ളം നിറഞ്ഞു. പാളം കടന്നുവരുന്ന വാഹനങ്ങൾ ഈ കുഴികളിൽ കൂടി വേണം കടന്നു പോകാൻ. അല്പം ആശദ്ധ ഉണ്ടായാൽ അപകടം ഉറപ്പ്.
പലതവണ പരാതികൾ നൽകിയിട്ടും ഇവിടെ സുഗമമായ ഗതാഗതത്തിന് അധികൃതർ വഴിയൊരുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.