പിറവന്തൂർ: കാട്ടാനക്കൂട്ടം നാട്ടി​ലി​റങ്ങി​ കൃഷി​ നശി​പ്പി​ക്കുന്നതി​ന്റെ വേവലാതി​യി​ൽ നാട്. മയിക്കാമൺ, മൂലാമൺ, ചണ്ണക്കാമൺ, ഒന്നാം ബ്‌ളോക്ക് മേഖലകളിലാണ് കൃഷി​നാശം രൂക്ഷം. ഒന്നാം ബ്‌ളോക്കിൽ രാജു, സുഗതൻ, ജയൻ, രാജധാനിയിൽ അരുൺ, സലിംകുമാർ, മയിക്കാമൺ പാങ്ങാവിളയിൽ സാബു എന്നിവരുടെ കൃഷിയിടങ്ങളിലെ വാഴ, തെങ്ങ്, പ്ലാവ് എന്നി​വ വ്യാപകമായി നശിപ്പിക്കപ്പെട്ടു. കറവൂർ മഹാദേവർമൺ വനമേഖലയോട് ചേർന്നുള്ള പ്രദേശത്ത് നിന്ന് ആൾക്കാരെ ഒഴിപ്പിച്ചെങ്കിലും കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

മ്ലാവിന്റെ ഉപദ്രവവുമുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ തലപ്പാക്കെട്ട് തേരിക്ക് സമീപം, ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ പൂജാരി മിഥുന്റെ ബൈക്കി​ൽ മ്ലാവിടിച്ചു. നിലത്തുവീണ് തോളെല്ലിന് പരിക്കേറ്റ് ചികിത്സയിലാണ് മി​ഥുൻ. സൗരോർജ വേലിയുടെയും കിടങ്ങുകളുടെയും നിർമ്മാണത്തിൽ അധികൃതർ ഇടപെടണമെന്ന് നേരത്തേതന്നെ ആവശ്യം ഉയർന്നി​രുന്നെങ്കി​ലും നടപടിയുണ്ടായില്ല. ജീവനും കൃഷിക്കും കാട്ടുമൃഗങ്ങൾ ഭീഷണിയാണ്. മഴ കടുത്തതോടെയാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് തിരിഞ്ഞിരിക്കുന്നത്.

പ്രതിഷേധിച്ച് ബി.ജെ.പി

വനം വകുപ്പിനെതിരെ നിശിത വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി​. അമ്പനാട് ഫോറസ്‌റ്റ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനി​ച്ചു. ബി.ജെ.പി മണ്ഡലം ട്രഷറർ മുത്ത് മഹേഷ്, പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി മഹേഷ് അമ്പാടി, വൈസ് പ്രസിഡന്റ് സുകേശൻ കറവൂർ, 83-ാം നമ്പർ ബൂത്ത് പ്രസിഡന്റ് എസ്. സനോഷ് മൈക്കാമൺ, എസ്. സുബിൻ എന്നിവർ സ്ഥലത്തെത്തി.