ഏരൂർ: പത്തടി വൈദ്യഗിരി എസ്‌റ്റേറ്റിലെ നിർദ്ദിഷ്‌ട ഖരമാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധവുമായി ജനകീയ സമരസമിതി. അ‌ഞ്ച് ജില്ലകളിലെ മാലിന്യം ഇവിടെ എത്തിക്കുന്നത് ശുദ്ധജല സ്രോതസുകളെയും പ്രദേശത്തെ ആരാധനാലയങ്ങളെയും വിദ്യാലയങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് സമരസമിതി ആരോപിച്ചു. റവന്യു അധികൃതർ സ്ഥലം സന്ദർശിച്ച് എതിരായ റിപ്പോർട്ട് തയ്യാറാക്കിയിട്ടും സർക്കാർ പിടിവാശിയുമായി മുന്നോട്ട് പോകുകയാണെന്നും സമിതി കുറ്റപ്പെടുത്തി. ഈ നീക്കത്തിൽ പ്രതിഷേധിച്ച് 20ന് രാവിലെ 10 ന് പത്തടി ജംഗ്‌ഷനിൽ നിന്ന് ഏരൂർ വില്ലേജ് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും.