murali

തഴവ: തുടർ ചികിത്സാ സഹായത്തിന് കാത്തുനിൽക്കാതെ മരണാനന്തര കർമ്മിയുടെ അകാല മരണം നാടിനെ ദുഃഖത്തിലാക്കി. കുലശേഖരപുരം കുറുങ്ങപ്പള്ളി കൊപ്പാറ വടക്കതിൽ മുരളിയാണ് (52) നാടിന്റെ പ്രാർത്ഥന വിഫലമാക്കി ഇന്നലെ ഉച്ചയ്ക്ക് 12.10 ഓടെ മരണത്തിന് കീഴടങ്ങിയത്.

കുറുങ്ങപ്പള്ളി റേയിൽവേ ജംഗ്ഷന് കിഴക്ക് വാവ സലൂണെന്ന സ്ഥാപനം നടത്തിവന്ന മുരളിക്ക് ജൂലായ് 7 നാണ് പക്ഷാഘാതം ഉണ്ടായത്. തുടർന്ന് കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞ നാട്ടുകാർ കക്ഷി രാഷ്ട്രീയം മറന്ന് ചികിത്സാ ധനസഹായം സ്വരൂപിച്ചു. രണ്ട് ശസ്ത്രക്രിയകൾക്ക് ശേഷം രണ്ട് ദിവസം മുമ്പ് ബോധം തിരികെ ലഭിച്ച മുരളി സുഹൃത്തുക്കളെ നോക്കി ചിരിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. എസ്.എൻ.ഡി.പി യോഗം കുറുങ്ങപ്പള്ളി - കടത്തൂർ 396-ാം നമ്പർ ശാഖയിലെ മരണാനന്തര കർമ്മിയായിരുന്നു. അമ്മ: കമലാസിനി. ഭാര്യ: സജന. മക്കൾ: യദുകൃഷ്ണൻ, വിധു കൃഷ്ണൻ. സംസ്കാരം പിന്നീട്.