photo
കൊട്ടാരക്കര- പുത്തൂർ റോഡിൽ മുസ്ളീം സ്ട്രീറ്റ് ഭാഗത്തെ റോഡിലെ തകർച്ച

കൊട്ടാരക്കര: കൊട്ടാരക്കര- പുത്തൂർ റോഡിൽ മുസ്ളീം സ്ട്രീറ്റിലൂടെ വണ്ടി ഓടിക്കണമെങ്കിൽ അഭ്യാസങ്ങൾ കുറച്ചൊന്നും അറിഞ്ഞിരുന്നാൽ പോര! കണ്ണൊന്നു തെറ്റിയാൽ വണ്ടി തൊട്ടുമുന്നിലെ കുഴിയിൽ ചാടും. രണ്ടുചക്രം മാത്രമേ ഉള്ളൂവെങ്കിൽ വണ്ടിക്കോ, ഓടിക്കുന്ന ആളിനോ പരിക്ക് ഉറപ്പ്!

കുഴികൾ കാരണം റോഡ് കാണാനാവാത്ത അവസ്ഥയാണെന്നു പോലും പറയാം. ഇവിടെ അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃത‌ർ മൈൻഡ് ചെയ്യുന്നില്ല. മുസ്ളീം സ്ട്രീറ്റ് പാലത്തിനും മില്ല് ജംഗ്ഷനും ഇടയിൽ ലക്ഷ്മി ബേക്കറിക്ക് മുന്നിലാണ് റോഡ് കൂടുതലായി തകർന്നു കിടക്കുന്നത്.

മന്ത്രി പോകുന്ന റോഡ്

മന്ത്രി കെ.എൻ. ബാലഗോപാലിന്റെ മണ്ഡലത്തിലെ ഏറ്റവും പ്രധാന റോഡുകളിലൊന്നാണ് കൊട്ടാരക്കര- പുത്തൂർ റോഡ്. റോഡിന്റെ പല ഭാഗങ്ങളും തകർച്ചയിലാണ്. എന്നാൽ മുസ്ളീം സ്ട്രീറ്റിലെ നൂറുമീറ്റർ ഭാഗം തീർത്തും തകർന്നിട്ടും നടപടിയില്ല. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിയുടെ വാഹനം ഇതുവഴി പോയിരുന്നു. അപ്പോഴെങ്കിലും പരിഹാരത്തിന് നിർദ്ദേശിക്കുമെന്നാണ് നാട്ടുകാർ പ്രതീക്ഷിച്ചത്. പക്ഷേ, ഒന്നുമുണ്ടായില്ല.

മഴയായതിനാൽ ടാറിംഗ് നടത്തിയിട്ട് കാര്യമില്ല. എന്നാൽ അത്യാവശ്യ കുഴിയടയ്ക്കലെങ്കിലും നടത്തേണ്ടതുണ്ട്

യാത്രക്കാർ