photo
തകർന്ന് കിടക്കുന തീര സംരക്ഷണ ഭിത്തിക്ക് മുകളിലൂടെ തിരമാലകൾ തീരത്തേക്ക് അടിച്ച് കയറുന്നു.

കരുനാഗപ്പള്ളി: തോരാമഴയിൽ കരുനാഗപ്പള്ളിയിലെ തീരപ്രദേശങ്ങളിൽ ജനജീവിതം ദുസ്സഹമായി. മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. ഗ്രാമപ്രദേശങ്ങളിലൂടെ കടന്ന് കൊതുമുക്ക് വട്ടക്കായലിൽ പതിക്കുന്ന തഴത്തോടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന് മഴവെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകുന്നതാണ് വിനയാകുന്നത്.

പള്ളിക്കലാറ്റിലെയും പശ്ചിമതീര കനാലിലെയും വെള്ളത്തിന്റെ അളവും ഉയരുകയാണ്. കരുനാഗപ്പള്ളിയുടെ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളക്കെട്ടിലായി. മഴ കഠിനമായതോടെ കരുനാഗപ്പള്ളി നഗരത്തിലൂടെയുള്ള യാത്രയും ദുഷ്കരമായി. ദേശീയപാതയുടെ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ റോഡ് തകർന്ന് കുണ്ടും കുഴിയുമായി. കുഴികളിൽ തങ്ങി നിൽക്കുന്ന മഴവെള്ളം യാത്രക്കാർക്ക് അപകടക്കെണി ഒരുക്കുന്നു. ഇടവിള കൃഷിക്ക് വ്യാപകമായ നാശമാണ് സംഭവിച്ചിരിക്കുന്നത്. വീശിയടിച്ച കാറ്റിൽ, കുലകൾ വിരിഞ്ഞ വാഴകൾ നിലം പൊത്തി. സമുദ്രതീര ഗ്രാമപഞ്ചായത്തായ ആലപ്പാടിന്റെ സ്ഥിതി ഏറെ ദയനീയമാണ്. ശക്തമായ കാറ്റിനൊപ്പം കൂറ്റൻ തിരമാലകളാണ് തീരത്തേക്ക് അടിച്ച് കയറുന്നത്. ഇതോടൊപ്പം വേലിയേറ്റവും തീരത്തെ കാർന്ന് തിന്നുകയാണ്. കാറ്റും തിരമാലകളും കാരണം മത്സ്യബന്ധന യാനങ്ങൾ കടലിൽ പോകുന്നില്ല. തീരദേശ മേഖലയിൽ ജീവിതം ദുരിതപൂർണമായി.

കടൽഭിത്തി തകർന്നു

തീരസംരക്ഷണ ഭിത്തികൾ തകർന്ന് കിടക്കുന്ന സ്ഥലങ്ങളിലാണ് തിരമാലകൾ ഇരമ്പിക്കയറുന്നത്. പണിക്കർകടവ് മുതൽ തെക്കോട്ട് വെള്ളനാതുരുത്ത് വരെ ചവറ ഐ.ആർ.ഇ കമ്പനി തീര സംരക്ഷണ ഭിത്തി നിർമ്മിച്ചതിനാൽ ഇവിടെ കടലാക്രമണം രൂക്ഷമാകാറില്ല. പണിക്കർകടവ് മുതൽ വടക്കോട്ട് കായംകുളം മത്സ്യബന്ധന തുറമുഖം വരെ കടൽ ഭിത്തികൾ പൂർണമായും തകർന്ന് കിടക്കുകയാണ്. രണ്ട് പതിറ്റാണ്ടിനിടെ കുഴിത്തുറയിൽ മാത്രമാണ് പുലിമുട്ടും കടൽഭിത്തിയും നിർമ്മിച്ചത്. ശേഷിക്കുന്ന ഭാഗങ്ങളിലെല്ലാം കടൽ വെള്ളം വീടുകളിലൂടെ കയറിയിറങ്ങുകയാണ്. ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കി തീര സംരക്ഷണത്തിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാടിന്റെ ആവശ്യം.