road

കൊല്ലം: മഞ്ചാടിമുക്ക് -വയലിക്കട മുക്ക് റോഡിൽ അപകടങ്ങൾ പതിവായിട്ടും അനങ്ങാതെ അധികൃതർ. കഴിഞ്ഞദിവസം റോഡിലൂടെ പോകുമ്പോൾ സ്കൂൾ വിദ്യാർത്ഥിക്ക് വീണ് പരിക്കേറ്രിരുന്നു. റോഡിന്റെ ശോച്യാവസ്ഥ മൂലം അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു.

റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ച് ടെണ്ടറായെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് റോഡുപണി നീട്ടിവയ്ക്കുകയാണെന്നാണ് ആക്ഷേപം. പത്തുലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മഴ തുടങ്ങിയതോടെ ദുരിതം ഇരട്ടിയായി. കുഴിയിൽ വെള്ളം കെട്ടിനിന്ന് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നുമുണ്ട്. റോഡിനിരുവശത്തുമായി 60 ഓളം കുടുംബങ്ങളാണ് റോഡിനെ ആശ്രയിക്കുന്നത്. മഴയായതിനാലാണ് ടാറിംഗ് നീളുന്നതെന്നാണ് അധികൃതരുടെ വാദം. എന്നാൽ വെയിലുള്ളപ്പോൾ പോലും ടാറിംഗിന് ആരും എത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു.

റോഡ് തകർന്നുകിടക്കുന്നതിനാൽ പ്രായമായവർക്കും കുട്ടികൾക്കും ഇതുവഴി കാൽനട യാത്രപോലും ദുഷ്കരമാണ്. റോഡിന്റെ ശോച്യാവസ്ഥ മൂലം ഓട്ടം വിളിച്ചാൽ പലപ്പോഴും ഓട്ടോറിക്ഷകളും വരാറില്ല. തൃക്കരുവ ഗ്രാമ പഞ്ചായത്തിലേക്ക് എത്താൻ കൂടുതൽ പേർ ഉപയോഗിക്കുന്ന പ്രധാന റോഡാണിനാണ് ഈ ദുരവസ്ഥ.

പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങൾ

മഞ്ചാടിമുക്ക് മുതൽ ഏകദേശം 700 മീറ്ററോളമാണ് തകർന്നുകിടക്കുന്നത്

ടാറിളകി റോഡിൽ പല ഭാഗത്തും കുഴികൾ രൂപപ്പെട്ടു

മെറ്റിലുകൾ ഇളകി റോഡിൽ ചിതറിക്കിടക്കുന്നു
 മഞ്ചാടിമുക്കിൽ നിന്ന് താഴേക്ക് ഇറക്കമായതിനാൽ അപകടങ്ങൾ വർദ്ധിച്ചു

റോഡ് തകർന്നിട്ട് - 13 വർഷം

റോഡ് ശരിയാക്കുമെന്ന് പറയാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഓരോ ന്യായീകരണങ്ങൾ പറഞ്ഞ് നാട്ടുകാരെ പറ്റിക്കുകയാണ്.

ഗോകുൽ, പ്രദേശവാസി

കരാറുകാരെ കിട്ടാതിരുന്നതിനാലാണ് പണികൾ വൈകിയത്. ഇപ്പോൾ കലാവസ്ഥ പ്രതികൂലമാണ്. രണ്ടുദിവസം അടുപ്പിച്ച് വെയിൽ കിട്ടിയാൽ റാറിംഗ് നടത്തും.

സരസ്വതി രാമചന്ദ്രൻ, പ്രസിഡന്റ്

തൃക്കരുവ ഗ്രാമപഞ്ചായത്ത്