പത്തനാപുരം: പിറവന്തൂർ പി.എച്ച്.സിയിലെ താത്കാലിക നിയമന തർക്കത്തെ തുടർന്ന് കേരള കോൺഗ്രസ് ബി പ്രതിനിധിയായ വൈസ് പ്രസിഡന്റ് അടക്കം മൂന്നുപേർ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലായി.
വൈസ് പ്രസിഡന്റ് മഞ്ജു ഡി.നായർ നിർദ്ദേശിച്ച നഴ്സിന്, സ്ഥലം എം.എൽ.എയും മന്ത്രിയുമായ കെ.ബി. ഗണേശ് കുമാറിന്റെ നിർദ്ദേശാനുസരണം പി.എച്ച്.സി മെഡിക്കൽ ഓഫീസർ താത്കാലിക നിയമനം നൽകിയിരുന്നു. പഞ്ചായത്ത് കമ്മിറ്റി അറിയാതെയാണ് പുനർനിയമനം നൽകിയതെന്ന് ആരോപണമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ആർ. സോമരാജനും മുൻ പ്രസിഡന്റ് ജയനും ആശുപത്രി സന്ദർശിച്ചപ്പോൾ ഈ നഴ്സ് ജോലി ചെയ്യുന്നതു കണ്ട് മെഡിക്കൽ ഓഫീസറോട് വിവരം തിരക്കിയപ്പോഴാണ് നിയമന വിവരം അറിയുന്നത്.
പ്രസിഡന്റ് ഇത് ചോദ്യം ചെയ്തതോടെ മെഡിക്കൽ ഓഫീസർ ഇവരെ അടുത്ത ദിവസം പിരിച്ചുവിട്ടു. ഇതോടെയാണ് വൈസ് പ്രസിഡന്റ് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചത്.
വൈസ് പ്രസിഡന്റടക്കം കേരള കോൺഗ്രസ് ബിയുടെ മൂന്ന് അംഗങ്ങൾ മാറി നിൽക്കുന്നതോടെ പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമാകുന്ന സ്ഥിതിതിയായി. എൽ.ഡി.എഫ് 11, യു.ഡി.എഫ് 7, ബി.ജെ.പി 2, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷി നില.