കൊല്ലം: കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ബി.ജെ.പി പാർലമെന്റ് പാർട്ടി ലീഡർ ഗിരീഷിനെ ആക്രമിക്കാൻ ശ്രമിച്ച സി.പി.എം കൗൺസിലർമാരെ സസ്പെൻഡ് ചെയ്യണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ആവശ്യപ്പെട്ടു.
അടിയന്തര പ്രാധാന്യമുള്ള ജനകീയ വിഷയം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഉന്നയിച്ചത് ചോദ്യം ചെയ്താണ് സി.പി.എം കൗൺസിലർമാർ അസഭ്യ വർഷവും കൈയേറ്റ ശ്രമവും നടത്തിയത്. ജനാധിപത്യ സംവിധാനത്തിലെ സി.പി.എമ്മിന്റെ അസഹിഷ്ണുതയാണ് ഇത് വെളിവാക്കുന്നത്. സമ്പൂർണ പരാജയമായ കോപ്പറേഷൻ ഭരണത്തിനെതിരെ ബി.ജെ.പി ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ചുവരികയാണ്. ഇതിൽ വിറളിപൂണ്ട കൗൺസിലർമാർ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചാണ് യോഗത്തിൽ പെരുമാറുന്നത്. ഇവരെ കൗൺസിൽ യോഗത്തിൽ നിന്ന് സസ്പെൻഡ് ചെയ്തില്ലെങ്കിൽ ബി.ജെ.പി ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും ബി.ബി.ഗോപകുമാർ പറഞ്ഞു.