joy-

കൊല്ലം: കൊട്ടാരക്കരയിലെ അഗതി പുനരധിവാസ കേന്ദ്രമായ ആശ്രയയ്ക്ക് കെട്ടിട നിർമ്മാണത്തിന് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ രണ്ടുകോടി രൂപ നൽകി. കൊല്ലം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ധനസഹായത്തിന്റെ രണ്ടാം ഗഡുവായി 35 ലക്ഷം രൂപയുടെ ചെക്ക് ഫൗണ്ടേഷൻ പ്രതിനിധിയിൽ നിന്ന് ജില്ലാ കളക്ടർ എൻ.ദേവിദാസ് ഏറ്റുവാങ്ങി ആശ്രയ ഭാരവാഹികൾക്ക് കൈമാറി.

ജില്ലാ സാമൂഹ്യനീതി ഓഫീസർ എ.കെ.ഹരികുമാരൻ നായർ, ജോയ് ആലുക്കാസ് പ്രതിനിധികളായ റോബിൻ തമ്പി, എം.ജെ.മഹേഷ്, ടി.എം.അരുൺകുമാർ, പി.വി.പ്രതീഷ്, എൻ.വിശ്വേശരൻ പിള്ള , ആശ്രയ ഭാരവാഹികളായ കലയപുരം ജോസ്, ജോൺ കുരികേശു, വിനോദ് വെട്ടുകല്ലിൽ, ജി.ചന്ദ്രശേഖരൻ പിള്ള എന്നിവർ പങ്കെടുത്തു.
ജോയ് ആലുക്കാസും ഭാര്യ ജോളി ആലുക്കാസും കലയപുരം ആശ്രയ സങ്കേതം സന്ദർശിച്ചപ്പോഴാണ് സഹായം വാഗ്ദാനം ചെയ്തത്. കെട്ടിടത്തിൽ ലൈബ്രറി, റിക്രിയേഷൻ റൂം, ഫിറ്റ്നസ് സെന്റർ, മിനി തിയേറ്റർ, കൺസൾട്ടേഷൻ റൂം, ഫാർമസി, ഫിസിയോ തെറാപ്പി യൂണിറ്റ്, നഴ്സിംഗ് സ്റ്റേഷൻ തുടങ്ങിയവയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ടോയ്‌ലെറ്റോട് കൂടിയ ഒരു മുറിക്ക് മൂന്നര ലക്ഷം രൂപയും ഡോർമെട്രിക്ക് 10 ലക്ഷം രൂപയും നിർമ്മാണ ചെലവ് വരും.
30 വർഷമായി പ്രവർത്തിക്കുന്ന കലയപുരം ആശ്രയ സങ്കേതത്തിനും അനുബന്ധ സ്ഥാപനങ്ങളിലുമായി രണ്ടായിരത്തോളം നിരാശ്രയരെയാണ് സംരക്ഷിക്കുന്നത്. പ്രധാനമായും പൊതുജനങ്ങളുടെ സംഭാവനകൾ കൊണ്ടാണ് പ്രവർത്തിച്ചുവരുന്നത്.

മുറികൾ - 150

ഡോർമെട്രി - 20

പ്രതീക്ഷിക്കുന്ന ചെലവ് ₹ 13.5 കോടി