കൊല്ലം: കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ നികുതി കുടിശിക ഈടാക്കുന്നതിനെക്കുറിച്ചുള്ള ചർച്ച കത്തിക്കയറുന്നതിനിടയിൽ ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവായ ടി.ജി.ഗിരീഷും സി.പി.എം കൗൺസിലർ എം.സജീവും തമ്മിലുണ്ടായ തർക്കം കൈയാങ്കളിയിലേക്ക് നീണ്ടു. മര്യാദകേട് പറയരുതെന്ന് പറഞ്ഞ് ടി.ജി.ഗിരീഷിന് അടുത്തേക്ക് ഇരച്ചെത്തിയ എം.സജീവ് പിടിച്ചുതള്ളിയ ശേഷം ചെള്ളയിൽ കുത്തി. അടിക്കാനായി കൈയും ഉയർത്തി. ഇതിനിടയിൽ മറ്റ് കൗൺസിലർമാർ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിക്കുകയായിരുന്നു.

നഗരത്തിലെ തീയേറ്ററിന്റെ നികുതി കുടിശിക സംബന്ധിച്ച് മേയർ കൗൺസിൽ യോഗത്തെ തെറ്റിദ്ധരിപ്പിച്ചെന്ന ടി.ജി.ഗിരീഷിന്റെ ആരോപണമാണ് തർക്കത്തിന് തുടക്കമിട്ടത്. താൻ തെറ്രായ വിവരങ്ങൾ പറഞ്ഞിട്ടില്ലെന്നും നികുതി കുടിശികയുള്ള തീയേറ്റർ ഉടമയോട് മാനുഷിക പരിഗണന മാത്രമാണ് കാട്ടിയതെന്നും മേയർ വിശദീകരിച്ചു. ഗിരീഷ് വീണ്ടും ആരോപണം കടുപ്പിച്ചതോടെയാണ് എം. സജീവിന്റെ ഇടപെടൽ. ഗിരീഷിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചും മേയർ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടും ബി.ജെ.പി അംഗങ്ങൾ കൗൺസിൽ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.

ഉദ്യോഗസ്ഥർക്കെതിരെ ഡെപ്യൂട്ടിമേയർ

സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ ഡെപ്യൂട്ടി മേയർ കൊല്ലം മധു കൗൺസിൽ യോഗത്തിൽ രംഗത്തെത്തി. സെക്രട്ടറി അനധികൃത കച്ചവടക്കാർക്കെതിരെ എന്തു നടപടിയെടുത്തുവെന്ന് വ്യക്തമാക്കമെന്ന് അദ്ദേഹം ചോദിച്ചു. ചിന്നക്കട മണിമേടയിലും കോർപ്പറേഷന്റെ കെട്ടിടത്തിലും ആൽമരം വളരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ചാൽ ഫോൺ എടുക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.

ബി.ജെ.പി ഒഴികെയുള്ള എല്ലാ കൗൺസിലർമാരെയും കള്ളന്മാരെന്ന് വിളിക്കുകയും സ്ഥിരം സമിതി അദ്ധ്യക്ഷനെ എടാ എന്ന് വിളിക്കുകയും ചെയ്തപ്പോഴാണ് പ്രകോപിതനായത്.

എം. സജീവ്, സി.പി.എം കൗൺസിലർ

നികുതി കുടിശികയുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച കാര്യങ്ങളിൽ ഉത്തരം മുട്ടിയപ്പോഴാണ് പിടിച്ചുതള്ളി കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്.

ടി.ജി.ഗിരീഷ്, ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ