കുന്നത്തൂർ: ജന്മദിനാഘോഷത്തിനിടെ ബാർ ഹോട്ടലിൽ സംഘർഷമുണ്ടാക്കുകയും ചുമട്ടു തൊഴിലാളിയുടെ തല അടിച്ചു പൊട്ടിക്കുകയും ചെയ്ത കേസിൽ യുവാക്കൾ അറസ്റ്റിൽ. അരിനല്ലൂർ അരീക്കാവ് ചരുവിൽ പുത്തൻ വീട്ടിൽ അഭിജിത്ത് (22), ശൂരനാട് തെക്ക് കക്കാക്കുന്ന് പള്ളിയാട്ട് വീട്ടിൽ അതുൽ കൃഷ്ണ (19) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ശാസ്താംകോട്ട മണ്ണെണ്ണ മുക്കിലെ ബാറിലാണ് സംഭവം. അറസ്റ്റിലായവർ ഉൾപ്പെടെ അഞ്ച് യുവാക്കളാണ് പിറന്നാൾ ആഘോഷിക്കാൻ എത്തിയത്. ആഘോഷത്തിനിടെ ബാറിൽ സംഘർഷമുണ്ടാക്കിയ യുവാക്കൾ ബിയർ കുപ്പി കൊണ്ട് ചുമട്ടു തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു. തുടർന്ന് ശാസ്താംകോട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.