തൊടിയൂർ: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ച തൊടിയൂർ പുലിയൂർ വഞ്ചി തെക്ക് വൈപ്പിൽ വടക്കതിൽ അബ്ദുൽ സലാമിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും കുടുംബത്തിൽ ഒരംഗത്തിന് സർക്കാർ ജോലിയും നൽകണമെന്നാവശ്യപ്പെട്ട് തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രനും ആക്ഷൻ കൗൺസിലും വൈദ്യുതി വകുപ്പു മന്ത്രിക്ക് നിവേദനം നൽകി. ബിന്ദു രാമചന്ദ്രനൊപ്പം പഞ്ചായത്തംഗങ്ങളായ ഷബ്ന ജവാദ്, പി.ജി. അനിൽകുമാർ, സുനിത എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
ആക്ഷൻ കൗൺസിലിന് വേണ്ടി ചെയർമാൻ അജികുമാർ കൊപ്പാറയിലാണ് നിവേദനം നൽകിയത്. അംഗങ്ങളായ കെ. സുരേഷ് കുമാർ, ഷിഹാബ് പൈനുംമൂട്, നിസാർ പൊയ്യക്കരേത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ 7 നാണ് അബ്ദുൽ സലാം (39)വീടിന് സമീപത്തെ പുരയിടത്തിൽ പൊട്ടിവീണുകിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്.ഗൾഫിൽ ജോലി ചെയ്തിരുന്ന യുവാവ് അവധിയിൽ നാട്ടിൽ വന്നപ്പോഴയിരുന്നു അപകടം. മാതാവും ഭാര്യയും വിദ്യാർത്ഥികളായ മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അബ്ദുൽ സലാം.