വേണ്ടത്ര കൗൺസിലർമാരില്ലാത്തത് പ്രതിസന്ധി
കൊല്ലം: കൗമാര പ്രായക്കാർ അഭിമുഖീകരിക്കുന്ന വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജില്ലയിലെ സ്കൂളുകളിൽ ആവശ്യത്തിന് കൗൺസിലർമാർ ഇല്ലാത്തത് പ്രതിസന്ധിയാകുന്നു. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലായി കൊല്ലത്ത് ആകെ 945 സ്കൂളുകളാണുള്ളത്. ഇതിൽ 81 സ്കൂളുകളിൽ മാത്രമാണ് നിലവിൽ കൗൺസിലർമാരുള്ളത്.
നിയമനം പുതുക്കി ജോലിയിൽ തുടരുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. സർക്കാർ സ്കൂളുകളിൽ നിയമിച്ചിട്ടുള്ള കൗൺസലർമാർ തന്നെ അത്യാവശ്യ സാഹചര്യങ്ങളിൽ എയ്ഡഡ് സ്കൂളുകളിലേക്കും പോകുന്ന സ്ഥിതിയാണുള്ളത്. ഒരു കൗൺസിലർ അഞ്ചു സ്കൂളിൽ വരെ പോകുന്നുണ്ട്. ഇതിനാൽ കുട്ടികളുടെ പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കാനും തുടർ നടപടികൾ സ്വീകരിക്കാനും പലപ്പോഴും ഇവർക്ക് സാധിക്കാറില്ല.
വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലാണ് സൈക്കോ സോഷ്യൽ പദ്ധതി പ്രകാരം സ്‌കൂളുകളിൽ കൗൺസിലർമാരെ നിയമിക്കുന്നത്. അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള സ്‌കൂളിലാണ് കൗൺസിലർമാർക്ക് ചുമതല. കരാർ അടിസ്ഥാനത്തിലാണ് നിയമനം .
2008ൽ കേന്ദ്രസർക്കാർ കിഷോരി യോജന എന്ന പേരിൽ ആരംഭിച്ച പദ്ധതി 2010ൽ സംസ്ഥാന സർക്കാർ തനത് പദ്ധതിയാക്കി. കൗൺസിലിംഗിന്റെ രഹസ്യസ്വഭാവം നിലനിറുത്താനായി പ്രത്യേക കൗൺസിലിംഗ് മുറി വേണം. എന്നാൽ പല സ്കൂളുകളിലും ഇപ്രകാരം മുറി ഇല്ല. കുട്ടി- കൗൺസിലർ അനുപാതവും നിശ്ചയിക്കപ്പെട്ടിട്ടില്ല. വിദ്യാഭ്യാസ വകുപ്പുകൂടി കൗൺസിലർമാരെ നിയമിക്കാൻ വേണ്ട നടപടികൾ എടുക്കണമെന്നാണ് ആവശ്യം.
ആശ്വാസ പദ്ധതി
കുട്ടികളെ കേട്ട് പ്രശ്നത്തിന് തുടക്കത്തിലെ പരിഹാരം കാണാൻ കഴിയുന്നു
വീട്ടിലും പുറത്തും കുട്ടികൾ അനുഭവിക്കുന്ന ചൂഷണങ്ങൾ പുറത്തെത്തിക്കുന്നു
രക്ഷാകർത്താക്കൾക്കും കൗൺസലിംഗ്
ബോധവത്കരണ ക്ലാസുകൾ
കുട്ടികളെ മാനസിക ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളിലേക്കും മാതാപിതാക്കളുടെ നിർദ്ദേശ പ്രകാരം സ്വകാര്യ ആശുപത്രിയിലേക്കും റഫർ ചെയ്യുന്നു.
ഏപ്രിൽ, മേയ് മാസങ്ങളിൽ അങ്കണവാടികളിലും കൗൺസിലിംഗ്
...............................
ജില്ലയിലെ സർക്കാർ സ്കൂളുകൾ: 429
എയ്ഡഡ് സ്കൂളുകൾ: 438
അൺ എയ്ഡഡ് സ്കൂളുകൾ: 78
കൗൺസിലർമാർ: 81
നിരവധി കുട്ടികളെ ജീവിതത്തിലേക്ക് എത്തിക്കാൻ കൗൺസിലിംഗിലൂടെ സാധിച്ചിട്ടുണ്ട്.
-ആദർശ , സ്കൂൾ കൗൺസിലർ
എല്ലാ സ്കൂളുകളിലേക്കും കൗൺസിലർമാരെ വിന്യസിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ഇതുസംബന്ധിച്ച് അപേക്ഷ നൽകിയിട്ടുണ്ട്
- അധികൃതർ, ജില്ല വനിതാ ശിശുവികസന വകുപ്പ്