കൊട്ടാരക്കര: നിർമ്മാണം പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും കൊട്ടാരക്കര നഗരസഭയിലെ പൊതുശ്മശാനത്തിന്റെ പ്രവർത്തനം തുടങ്ങിയില്ല. റെയിൽവേ സ്റ്റേഷൻ കവലയ്ക്ക് സമീപത്തെ ഉഗ്രൻകുന്നിൽ മാലിന്യ പ്ളാന്റിനോട് ചേർന്നാണ് 58 ലക്ഷം ചെലവിട്ട് 'മോക്ഷകവാടം' എന്ന പേരിൽ ശ്മശാനം നിർമ്മിച്ചത്. 2022 മേയിൽ മന്ത്രി കെ.എൻ.ബാലഗോപാലാണ് നിർമ്മാണ ഉദ്ഘാടനം നടത്തിയത്. പലവിധ കാരണങ്ങളാൽ പണി പൂർത്തിയാകാൻ വൈകി. പിന്നീട് അത്യാധുനിക ഉപകരണങ്ങളെല്ലാം സജ്ജമാക്കിയിട്ടും പ്രവർത്തനം തുടങ്ങുന്ന കാര്യത്തിൽ മെല്ലെപ്പോക്ക് തുടരുകയാണ്.
പ്രയോജനമേറെ
പൊതുശ്മശാനം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒട്ടേറെ കുടുംബങ്ങൾ ഈ മേഖലയിലുണ്ട്. കൊട്ടാരക്കരയിൽ കോളനി നിവാസികൾ അടുക്കള പൊളിച്ച് മൃതദേഹം സംസ്കരിച്ച സംഭവങ്ങൾ വരെയുണ്ട്. വാടക താമസക്കാരും അനാഥാലയങ്ങളിലെ അന്തേവാസികളുമടക്കം മരിക്കുമ്പോൾ ഉപകരിക്കപ്പെടേണ്ടതാണ് പൊതുശ്മശാനം. നഗരസഭയ്ക്ക് പുറമെ സമീപ പഞ്ചായത്തിലുള്ളവർക്കും പ്രയോജനപ്പെടും.
പൊതുശ്മശാനത്തിന്റെ നിർമ്മാണ ജോലികൾ പൂർത്തിയായി. ചുറ്റുമതിൽ കൂടി നിർമ്മിക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. ഇതുകൂടി പൂർത്തിയായാൽ ഒരു മാസത്തിനുള്ളിൽ ഉദ്ഘാടനം നടക്കും
എസ്.ആർ. രമേശ്, നഗരസഭ ചെയർമാൻ