konna

കൊല്ലം: ഏറ്രവും കുറഞ്ഞ ടെണ്ടർ തുക എസ്റ്റിമേറ്റിനേക്കാൾ 40 ശതമാനം അധികരിച്ച് മൺറോത്തുരുത്തിലെ കൊന്നയിൽ കടവ് പാലം നിർമ്മാണം പ്രതിസന്ധിയിൽ. ടെണ്ടർ അപ്രൂവൽ കമ്മിറ്റിയും സർക്കാരും കനിഞ്ഞാലേ നിലവിലെ ടെണ്ടറുമായി മുന്നോട്ട് പോകാനാകൂ..

കഴിഞ്ഞ ഫെബ്രുവരിയിൽ ആദ്യം ക്ഷണിച്ച ടെണ്ടറിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി മാത്രമാണ് പങ്കെടുത്തത്. റീ ടെണ്ടറിൽ ഒരു കമ്പനി കൂടി എത്തിയെങ്കിലും ഊരാളുങ്കലിന്റേതായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. 13.57 കോടിയാണ് പാലത്തിന്റെ എസ്റ്റിമേറ്റ്. ഏറ്റവും കുറഞ്ഞ ടെണ്ടർ തുക എസ്റ്റിമേറ്റിനേക്കാൾ പത്ത് ശതമാനം വരെ അധികമായിരുന്നെങ്കിൽ ടെണ്ടർ അപ്രൂവൽ കമ്മിറ്രിക്ക് അനുമതി നൽകാമായിരുന്നു. എസ്റ്റിമേറ്രിനേക്കാൾ ഏറെ കൂടുതലായതിനാൽ ടെണ്ടർ അപ്രൂവൽ കമ്മിറ്റി അംഗീകരിച്ചാലും മന്ത്രിസഭയുടെ അനുമതി വാങ്ങണം. എന്നാൽ എസ്റ്റിമേറ്റിന്റെ പകുതിയോളം അധികം ആവശ്യപ്പെടുന്ന കരാറിന് സർക്കാർ അനുമതി നൽകിയില്ലെങ്കിൽ വീണ്ടും ടെണ്ടർ ക്ഷണിക്കേണ്ടിവരും.

ടെണ്ടർ തുക എസ്റ്റിമേറ്റിനേക്കാൾ കൂടുതൽ

 മൺറോത്തുരുത്തിനെയും പെരുങ്ങാലത്തെയും ബന്ധിപ്പിക്കുന്ന കൊന്നയിൽകടവ് പാലം നിർമ്മാണത്തിന് 2018ൽ കരാറായി

 റെയിൽവേ ലൈനിന് സമീപത്ത് കൂടി നിർമ്മാണ സാമഗ്രികൾ എത്തിക്കാൻ അനുമതി ലഭിച്ചില്ല

 പിന്നീട് ജങ്കാറിൽ കായൽ വഴി എത്തിച്ചു

 ഇതിന് വൻതുക അധികം വേണ്ടിവന്നതോടെ കരാറുകാരൻ പ്രവൃത്തി ഉപേക്ഷിച്ചു

 എസ്റ്റിമേറ്റ് പരിഷ്കരിച്ച് കിഫ്ബിയിൽ നിന്ന് കൂടുതൽ പണം വകയിരുത്തിയാണ് ഇപ്പോൾ വീണ്ടും ടെണ്ടർ ക്ഷണിച്ചത്

പാലത്തിന്റെ നീളം-175 മീറ്രർ

വീതി-10 മീറ്റർ

മദ്ധ്യഭാഗത്തെ സ്പാൻ-32 മീറ്റർ

ആറ് സ്പാനുകളുടെ നീളം-23.9 മീറ്റർ

കൊന്നയിൽ കടവ് പാലത്തിന്റെ ടെണ്ടർ വൈകാതെ ടെണ്ടർ അപ്രൂവൽ കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടും.

കെ.ആർ.എഫ്.ബി അധികൃതർ