palam

കൊല്ലം: ആശ്രാമം ലിങ്ക് റോ‌ഡിന്റെ നവീകരണം പൂർത്തിയായാലുടൻ ഒന്നര വർഷം മുമ്പേ നിർമ്മാണം പൂർത്തിയായ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപത്ത് നിന്ന് ഓലയിൽക്കടവ് വരെയുള്ള പാലം ഗതാഗതത്തിന് തുറന്നുകൊടുക്കും.

ഇതിനുള്ളിൽ ലിങ്ക് റോഡിന്റെ തോപ്പിൽക്കടവ് വരെയുള്ള നാലാംഘട്ട വികസനത്തിന് കിഫ്ബിയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഓലയിൽക്കടവ് വരെയുള്ള പാലം തുറക്കുന്നതോടെ കൊട്ടിയം ഭാഗത്ത് നിന്ന് അഞ്ചാലുംമൂട് ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ചിന്നക്കട, താലൂക്ക് കച്ചേരി, ഹൈസ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിലെ തിരക്കിൽപ്പെടാതെ കടന്നുപോകാം.

അഞ്ചാലുംമൂട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്കും ഇങ്ങനെ കുരുക്കിൽപ്പെടാതെ സഞ്ചരിക്കാം. തോപ്പിൽക്കടവ് വരെയുള്ള നാലാംഘട്ടം പൂർത്തിയായാലേ തിരുവനന്തപുരം, ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് സമാന്തര പാത പ്രയോജനപ്പെടൂ. അതിന് പുറമേ ചിന്നക്കട, കച്ചേരി, ഹൈസ്കൂൾ ജംഗ്ഷൻ, കളക്ടറേറ്റ് എന്നിവിടങ്ങളിലെ കുരുക്കിനും പരിഹാരമാകുള്ളു.

ലിങ്ക് റോഡ് പൂർത്തിയാകുന്നു
 ആശ്രാമം മുതൽ കെ.എസ്.ആർ.ടി.സി ‌ഡിപ്പോ വരെ ഒരു കിലോമീറ്റർ നീളത്തിലാണ് ലിങ്ക് റോഡ് നവീകരണം

 ഇരുവശങ്ങളിലും ഓട, നടുക്ക് മീഡിയൻ, മണ്ണിട്ട് ഉയർത്തൽ, രണ്ട് കൽവർട്ടുകൾ, ബി.എം ആൻഡ് ബി.സി ടാറിംഗ്, നടപ്പാത എന്നിവയാണ് പദ്ധതിയിൽ

 ഇതിൽ ഒരു കൽവർട്ടും ഒരുവശത്തെ ഓടയും ഏകദേശം പൂർത്തിയായി

 ബാക്കിയുള്ളവ നാല് മാസത്തിനകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ

നാലാം ഘട്ടത്തിന്റെ സ്ഥിതി

 190 കോടിയുടെ പുതിയ എസ്റ്റിമേറ്റ് കിഫ്ബിക്ക് കൈമാറി
 ടെണ്ടറിനായി ഡ്രോയിംഗ് തയ്യാറാകുന്നു
 കിഫ്ബി അനുമതി നൽകിയാൽ ടെണ്ടർ

 യാഥാർത്ഥ്യമായാൽ നഗരത്തിലെ കുരുക്കിന് ആശ്വാസം

 നിലവിലെ രൂപരേഖയ്ക്ക് കാര്യമായ സ്ഥലമേറ്റെടുപ്പ് ആവശ്യമില്ല

ആശ്രാമം- കെ.എസ്.ആർ.ടി.സി റോഡിന്റെ നവീകരണം പൂർത്തിയായാലുടൻ ലിങ്ക് റോഡ് മൂന്നാംഘട്ടത്തിന്റെ ഭാഗമായുള്ള പാലം ഗതാഗതത്തിന് തുറന്നുകൊടുക്കും.

പൊതുമരാമത്ത് വകുപ്പ് അധികൃതർ