photo
കൊട്ടാരക്കര നഗരസഭ ആസ്ഥാന മന്ദിരത്തിന്റെ പരിസരം

കൊട്ടാരക്കര: 'ചേലോടെ കൊട്ടാരക്കര' ശുചിത്വ പദ്ധതി നടപ്പാക്കുന്ന കൊട്ടാരക്കര നഗരസഭയുടെ ആസ്ഥാന മന്ദിര പരിസരം വൃത്തിഹീനമായിട്ടും നടപടിയില്ല. മഴക്കാലമായാൽ ഇവിടെ ഊറ്റുവെള്ളവും ചെളിയും നിറയും.

വിവിധ ആവശ്യങ്ങൾക്കായി നഗരസഭ ഓഫീസിലെത്തുന്നവരാണ് ബുദ്ധിമുട്ടുന്നത്. ലക്ഷങ്ങൾ മുടക്കി നവീകരിച്ച കെട്ടിടത്തിന്റെ പരിസരമാണ് മാനക്കേടുണ്ടാക്കും വിധം വൃത്തിഹീനമായി കിടക്കുന്നത്. എന്നിട്ടും ശാശ്വത പരിഹാരത്തിന് സംവിധാനമുണ്ടാകുന്നില്ല. ആളുകൾക്ക് ചെളിവെള്ളത്തിൽ ചവിട്ടാതെ നടന്നുപോകാൻ ഇഷ്ടിക അങ്ങിങ്ങായി നിരത്തിയിട്ടുണ്ട്. നഗരസഭ ഓഫീസുമായി ബന്ധപ്പെട്ടുതന്നെയുള്ള ഓഫീസുകൾ ഈ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നുണ്ട്. ദിവസവും നൂറുകണക്കിന് ആളുകളാണ് ഇവിടങ്ങളിലേക്ക് എത്തുന്നത്. മലിനജലം ചവിട്ടാതെ ഓഫീസിലേക്ക് പ്രവേശിക്കാനാവാത്ത അവസ്ഥയാണ്.

പുതിയ ആസ്ഥാന മന്ദിരം

നഗരസഭയ്ക്ക് പുതിയ ആസ്ഥാനമന്ദിരം നിർമ്മിക്കാനായി രവിനഗറിൽ ബി.എസ്.എൻ.എൽ ടവറിന് എതിർവശമുള്ള 50 സെന്റ് അനുവദിച്ചിട്ട് ഏറെനാളായി. കെ.ഐ.പിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് കെട്ടിടം നിർമ്മിക്കാൻ നഗരസഭയ്ക്ക് വിട്ടുകൊടുത്തത്. ഇവിടെ ബഹുനില കെട്ടിട സമുച്ചയം നിർമ്മിക്കാൻ 10 കോടി അനുവദിച്ചിട്ടുണ്ട്. നിർമ്മാണ ജോലികൾ ഇനിയും തുടങ്ങിയിട്ടില്ല. പൂർത്തിയാകാൻ വർഷങ്ങൾ വേണ്ടിവരും. അതുവരെ നിലവിലുള്ള ആസ്ഥാന മന്ദിരം ഉപയോഗിക്കേണ്ടി വരും. നഗരസഭയുടെ ആസ്ഥാനം ഇവിടെ നിന്നു മാറുമ്പോൾ ഈ കെട്ടിട സൗകര്യങ്ങൾ മറ്റ് ഓഫീസുകൾക്കായി വിട്ടുനൽകും.

നാണക്കേട്

നഗര സൗന്ദര്യവത്കരണ പദ്ധതികൾ, സമ്പൂർണ ശുചിത്വം തുടങ്ങിയവയൊക്കെ ഉൾക്കൊള്ളിച്ച് നഗരസഭ നടപ്പാക്കുന്ന പദ്ധതിക്കാണ് ചേലോടെ കൊട്ടാരക്കര എന്ന പേര് നൽകിയത്. പദ്ധതിയെപ്പറ്റി കേട്ടറിയുന്നവർ നഗരസഭ ആസ്ഥാനത്ത് എത്തിയാൽ പരിസരത്തെ ദുരിതാവസ്ഥകൾ ബോദ്ധ്യപ്പെടും. നാണക്കേട് ഒഴിവാക്കാൻ അധികൃതർ ഇടപെടണമെന്നാണ് നാടിന്റെ ആവശ്യം.