പുനലൂർ: മഴക്കെടുതിക്കും കാറ്റിനുമൊപ്പം വന്യമൃഗ ശല്യം കൂടി രൂക്ഷമായതോടെ വല്ലാത്ത ദുരിതത്തിലായിരിക്കുകയാണ് മലയോര മേഖലയിലെ കർഷകർ.
ഓണ വിപണി മുന്നിൽക്കണ്ട് കടുത്ത വേനലിനെ അതിജീവിച്ച് വെള്ളം കോരി നനച്ച് വളർത്തിയ കാർഷിക വിളകളാണ് കാട്ടുപന്നികൾ വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്. മഞ്ചള്ളൂർ മുകളിൽ കിഴക്കേതിൽ വീട്ടിൽ ഹബീബിന്റെ ക്വിന്റൽ ചീനി ഇനത്തിൽപ്പെട്ട 150 ൽപ്പരം മരച്ചീനി, ചേന, കാച്ചിൽ, ചേമ്പ്, വാഴ എന്നിവ കഴിഞ്ഞ രാത്രിയിൽ കാട്ടുപന്നി കൂട്ടങ്ങൾ നശിപ്പിച്ചു. പുതിയ ഇനത്തിൽപ്പെട്ട ഒരു മൂട് ചീനി പാകമാകുമ്പോൾ 40 മുതൽ 50 കിലോഗ്രാം വരെ ലഭിക്കും. ഇതാണ് പന്നിക്കൂട്ടങ്ങൾ നശിപ്പിച്ചത്. വനമേഖലയിൽ നിന്നു ദൂരെയുള്ള ജനവാസ മേഖലയായ പത്തനാപുരം പട്ടണത്തിനോട് ചേർന്ന പിടവൂർ, മഞ്ചള്ളൂർ, കുണ്ടയം, ആദംകോട്, മൂലക്കട, പട്ടാഴി, പന്തപ്ലാവ്, മാലൂർ എന്നിവിടങ്ങളിൽ പന്നി, കുരങ്ങ്, മയിൽ തുടങ്ങിയവയുടെ ശല്യം അതിരൂക്ഷമാണ്. കർഷകരായ അനീഷ് ആദംകോട്, അബ്ദുൾ കരിം, ഏർവാടി അബ്ദുൾ നജീബ് (ബാബു), ആദംകോട് ശങ്കരനാരായണപിള്ള, മനോജ് എന്നിവരുടെ വിളകളും കാട്ടുപന്നികൾ നശിപ്പിച്ചു.