കൊല്ലം: കൊല്ലം ബീച്ചിൽ തിരയിലകപ്പെട്ട വിദ്യാർത്ഥിനികളെ ലൈഫ് ഗാർഡുമാർ രക്ഷപ്പെടുത്തി. പാരിപ്പള്ളി സ്വദേശിനികളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 11 ഓടെയാണ് മൂവർസംഘം ബീച്ചിലെത്തിയത്. കടൽ പ്രക്ഷുബ്ധമായതിനാൽ കടലിലേയ്ക്ക് ഇറങ്ങരുതെന്ന് ലൈഫ് ഗാർഡുമാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഉച്ചയ്ക്ക് 2.30 ഓടെ രണ്ടുപേർ ബീച്ചിലെ അപകട മേഖലയിലേക്ക് മുന്നറിയിപ്പ് അവഗണിച്ച് ഇറങ്ങുകയായിരുന്നു. സുഹൃത്തുകൾ തിരയിൽപ്പെടുന്നത് കണ്ട് രക്ഷപ്പെടുത്താൻ ഇറങ്ങിയ മൂന്നാമത്തെ പെൺകുട്ടിയും തിരയിൽപ്പെട്ടെങ്കിലും തനിയെ രക്ഷപ്പെട്ടു. എന്നാൽ മറ്ര് രണ്ടുപേരും കുറച്ച് ഉള്ളിലേക്ക് പോവുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാർഡുമാരായ സതീഷ്, ഷാജി ഫ്രാൻസിസ്, രതീഷ് കുമാർ, ആന്റണി ജോൺസൺ നാട്ടുകാരനായ ജെയിംസ് എന്നിവർ ചേർന്നാണ് ഇവരെ രക്ഷിച്ചത്.