കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായി. കൂടുതൽ വാദത്തിനായി കേസ് വച്ചിരിക്കുന്ന 31ന് വിധി പറയുന്ന തീയതി പ്രഖ്യാപിച്ചേക്കും.

2016 ജൂൺ 15ന് കളക്ടറേറ്റ് വളപ്പിൽ ഉപയോഗശൂന്യമായി കിടന്ന തൊഴിൽ വകുപ്പിന്റെ ജീപ്പിനടിയിൽ അധികം പ്രഹരശേഷിയില്ലാത്ത ബോംബ് സ്ഥാപിച്ചാണ് സ്ഫോടനം നടത്തിയത്. മധുര സ്വദേശികളും ഭീകരവാദ സംഘടനയായ ബേസ് മൂവ്മെന്റ് പ്രവർത്തകരുമായ അബ്ബാസ് അലി (32), ദാവൂദ് സുലൈമാൻ (27), കരിം രാജ (27), ഷംസുദ്ദീൻ (28) എന്നിവരാണ് പ്രതികൾ.

ഇതിന് ഒരാഴ്ച മുമ്പ് കരിം രാജ കൊല്ലത്തെത്തി കളക്ടറേറ്റിന്റെയും കോടതിയുടെയും ചിത്രങ്ങളും വീഡിയോകളും മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ചിത്രങ്ങളുമായി മധുരയിലെത്തിയാണ് മറ്റ് നാലുപേരുമായി ചേർന്ന് സ്ഫോടനം ആസൂത്രണം ചെയ്തത്.

സ്ഫോടനം നടന്ന ദിവസം രാവിലെ തെങ്കാശിയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് കരിം രാജ ബോംബുമായി കൊല്ലത്തെത്തിയത്. ഇയാൾ ഒറ്റയ്ക്കാണ് കോടതി വളപ്പിലെ ജീപ്പിൽ ബോംബ് വച്ചതെന്നാണ് അന്വേഷണ റിപ്പോർട്ട്. സംഭവം അന്വേഷിച്ച കേരള പൊലീസിന് പ്രതികളെ കണ്ടെത്താനായിരുന്നില്ല. വെല്ലൂർ സ്ഫോടനക്കേസ് അന്വേഷണത്തിനിടെ എൻ.ഐ.എ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഒരുവർഷം അഞ്ച് സ്ഫോടനങ്ങൾ

 ചിറ്റൂർ കോടതി സ്ഫോടനം 2016 ഏപ്രിൽ 7
 കൊല്ലം കളക്ടറേറ്റ് സ്ഫോടനം 2016 ജൂൺ 15

 മൈസൂർ കോടതി സ്ഫോടനം 2016 ആഗസ്റ്റ് 1

 വെല്ലൂർ കോടതി സ്ഫോടനം- 2016 സെപ്തംബർ 12

 മലപ്പുറം കോടതി സ്ഫോടനം 2016 നവംബർ 1

പ്രതികൾ അറസ്റ്റിലായത്

2016 നവംബർ 28ന്


വിചാരണ ആരംഭിച്ചത്

2023 ആഗസ്റ്റ് 7ന്