photo

കൊല്ലം: എഴുപത്തഞ്ചിന്റെ നിറവിലും ഡോ. വി.എസ്.ഇടയ്ക്കിടത്തിന് (ഡോ. വി.സുരേന്ദ്രൻ ഇടയ്ക്കിടത്ത്) രാമകഥയുടെ പുണ്യം എഴുതിത്തീർക്കാനായില്ല!. ഇതിനിടെ ഏഴ് കാണ്ഡങ്ങളിലൂടെ വാല്മീകി രാമായണം സമ്പൂർണ ഗദ്യ പരിഭാഷ മലയാളത്തിന് സമ്മാനിച്ചു. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, അരണ്യകാണ്ഡം, കിഷ്കിന്ദാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴ് പുസ്തകങ്ങളായിട്ടാണ് എഴുത്തുകൾ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിച്ചത്. നാലായിരത്തിലധികം പേജുകളിലൂടെ രാമായണ കഥയെ പൂർണമായും വായനക്കാരിലേക്ക് എത്തിക്കുകയാണദ്ദേഹം. 1921ൽ മുംബയിലെ നിർണയസാഗർ പ്രസ് പ്രസിദ്ധീകരിച്ച വാല്മീകി രാമായണത്തിന്റെ സംസ്കൃതത്തിലുള്ള ആധികാരിക കൃതിയുടെ സമ്പൂർണ പരിഭാഷയാണ് ഈ പുസ്തകങ്ങൾ.

2014 മുതൽ താപസതുല്യനായി നടത്തിയ പഠനത്തിലൂടെയാണ് വിവർത്തനം പൂർത്തിയാക്കിയത്. 2018ൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന് കൈമാറിയതാണ് ഏഴ് പുസ്തകങ്ങളായി അച്ചടിച്ചത്. അവിടം കൊണ്ടും രാമായണത്തിന്റെ എഴുത്ത് നിറുത്തിയില്ല. ബാലകാണ്ഡത്തിലെ ഒരു സന്ദർഭവുമായി ബന്ധപ്പെട്ട മഹാരാമായണത്തിന്റെ എഴുത്ത് തുടരുകയാണ്.

ഭാഷായോഗം വാസിഷ്ഠം സംസ്കൃത മൂല ഗ്രന്ഥസഹിതം എന്ന പുസ്തകമാണ് ഇപ്പോൾ തയ്യാറാക്കുന്നത്. 4500 പേജുകളുണ്ടാകും. ഇതിനകം നോവലും കഥാസമാഹാരവും പഠനവും ഇംഗ്ളീഷ്- സംസ്കൃത പഠന ഗ്രന്ഥങ്ങളുമടക്കം 21 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

എഴുത്ത് പുരയിൽ വിരമിക്കലില്ല

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിൽ റീഡർ, സംസ്കൃത യൂണിവേഴ്സിറ്റി പന്മന പ്രാദേശികകേന്ദ്രം ഡയറക്ടർ, കാലിക്കറ്റ്-കേരള-മഹാത്മാഗാന്ധി യൂണിവേഴ്സിറ്റികളിലെ അദ്ധ്യാപകൻ, എഡ്യുക്കേഷൻ കോളേജുകളിൽ പ്രിൻസിപ്പലായും ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. വിരമിച്ച ശേഷമാണ് എഴുത്തിന്റെ ലോകത്ത് സജീവമായത്. ഉപനിഷത് ഓൺ എഡ്യുക്കേഷൻ, കണ്വമാനസി എന്നീ ഗ്രന്ഥങ്ങൾക്ക് കേന്ദ്രസർക്കാർ ബഹുമതി ലഭിച്ചു. ഭാര്യ എം.പുഷ്പകുമാരിക്കും മകൻ സൂരജിനുമൊപ്പം കൊട്ടാരക്കര റെയിൽവേ സ്റ്റേഷന് സമീപത്തെ ലിപിയിലാണ് താമസം.