കൊല്ലം: അഷ്ടമുടി കായലിൽ ആനന്ദവല്ലീശ്വരം ബോട്ട് ജെട്ടിയിൽ മദ്ധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. കുണ്ടറ മാമ്പുഴ ആലുംമൂട് പ്ലാവില തെക്കതിൽ വിജയനെയാണ് (52, ദിലീപ്) മരിച്ച നിലയിൽ കണ്ടെത്തിയത്.

മത്സ്യബന്ധന ബോട്ടിലെ തൊഴിലാളിയായിരുന്നു വിജയൻ. കഴിഞ്ഞ തിങ്കളാഴ്ച മത്സ്യബന്ധനത്തിന് ശേഷം സുഹൃത്തുക്കളോട് വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയതാണ്. ഇന്നലെ രാവിലെ മത്സ്യബന്ധന ബോട്ടുകളിൽ പെയിന്റ് ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് ബോട്ടുകൾക്കിടയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ബോട്ടിൽ വിശ്രമിക്കാനായി പോകവേ കാൽവഴുതി കായലിൽ വീണതാകാമെന്ന് സംശയിക്കുന്നു. ഫോറൻസിക് വിദഗ്ദ്ധരെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. കൊല്ലം വെസ്റ്റ് എസ്.ഐ അനീഷിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിജയൻ അവിവാഹിതനാണ്.