കൊല്ലം: ഡെങ്കിപ്പനിക്കും എലിപ്പനിക്കും പുറമെ ജില്ലയിൽ പിടിമുറുക്കാൻ ഒരുങ്ങി എച്ച് 1 എൻ1. ഈ വർഷം ഇതുവരെ 35 പേർക്കാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചത്. അതിൽ തന്നെ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് ഈ മാസമാണ്. 28 പേർക്ക്.

കഴിഞ്ഞ ഫെബ്രുവരി 6നാണ് ജില്ലയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത്. വായുവിലൂടെ പകരുന്ന വൈറസ് രോഗമാണിത്. സാധാരണക്കാരിൽ രോഗലക്ഷണങ്ങൾ ഒന്ന് മുതൽ രണ്ടാഴ്ചക്കകം കുറയുമെങ്കിലും ഗർഭിണികൾ, പ്രസവം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിലുള്ള അമ്മമാർ, രണ്ട് വയസിൽ താഴെയുള്ള കുട്ടികൾ, മുതിർന്നവർ, മറ്റു ഗുരുതരരോഗങ്ങൾ ഉള്ളവർ എന്നിവർ ചികിത്സ തേടിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം.

കൂടുതൽ കേസുകൾ റിപ്പോ‌ർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജലദോഷത്തോടെയുള്ള പനി പിടിപെട്ടാൽ ഉടൻ ചികിത്സതേടണമെന്നും ആരോഗ്യവിദഗ്ദ്ധർ അറിയിച്ചു.

ലക്ഷണം

 ഒരാഴ്ചയിൽ കൂടുതൽ നിളുന്ന ജലദേഷവും പനിയുമാണ് പ്രാരംഭ ലക്ഷണം

 തുടർന്ന് ദിവസങ്ങൾക്കുള്ളിൽ പനി ന്യുമോണിയായി മാറും

 രോഗം മൂ‌ർച്ഛിച്ചാൽ കരളിന്റെ പ്രവർത്തനമുൾപ്പടെ തകരാറിലാകും

 പനി, ചുമ, തലവേദന, പേശിവേദന, സന്ധിവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, ജലദോഷം, വിറയൽ, ക്ഷീണം, ശ്വാസംമുട്ടൽ, ചിലപ്പോൾ ഛർദ്ദിയും വയറിളക്കവും

മുൻകരുതൽ

 രോഗി മൂക്ക് ചീറ്റുമ്പോഴും ചുമയ്ക്കുമ്പോഴും ശ്രദ്ധിക്കണം

 അടുത്തിരുന്ന് സംസാരിക്കുന്നതിലൂടെയും ആലിംഗനം ചെയ്യുന്നതിലൂടെയും രോഗം പകരാം

 മാസ്ക് ധരിക്കുക, അകലം പാലിക്കുക

 രോഗിയും പരിചാരകരും കൈ എല്ലായ്പ്പോഴും രോഗാണുനാശിനി ഉപയോഗിച്ച് ശുചിയാക്കുക

 വീടിനുള്ളിൽ പൂർണമായി വിശ്രമിക്കുക

 സ്‌കൂൾ, ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് വിട്ടുനിൽക്കുക

 പോഷകഗുണമുള്ള ആഹാരവും പാനീയങ്ങളും കഴിക്കുക

ഒസൾട്ടാമിവിർ സൗജന്യം

ഒസൾട്ടാമിവിർ എന്ന ഗുളികയാണ് എച്ച്1 എൻ1 പനിക്ക് ഉപയോഗിക്കുന്നത്. രോഗ ലക്ഷണം കണ്ടു കഴിഞ്ഞാൽ ഇതാണ് രോഗികൾക്ക് നൽകുന്നത്. രോഗം സ്ഥിരീകരിച്ച ആളുമായി അടുത്തിടപഴകിയവരും വീട്ടുകാരും ഈ ഗുളിക കഴിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. താരതമ്യേന വില കൂടി ഗുളിക സർക്കാർ ആശുപത്രികളിൽ സൗജന്യണ്.

കണക്ക്

ജനുവരി -0

ഫെബ്രുവരി -1

മാർച്ച്-1

ഏപ്രിൽ -1

മെയ്-2

ജൂൺ -2

ജൂലായ് (ഇന്നലെ വരെ)- 28

കുട്ടികൾക്കും മുതിർന്നവർക്കും വ്യത്യസ്തമായ അളവുകളിലാണ് മരുന്ന് ഉപയോഗിക്കേണ്ടത്. അടിയന്തര ചികിത്സ തേടണം.

‌ഡേക്ട‌ർമാർ