ചാത്തന്നൂർ: പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റിലെ ട്രക്ക് ഡ്രൈവർമാർക്ക് പുതുക്കിയ കൂലി നൽകാത്തത്തിനെതിരെ ഒരു വിഭാഗം ഡ്രൈവർമാർ പണിമുടക്കി പ്രതിഷേധിച്ചു. ലേബർ കമ്മിഷണർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പുതുക്കിയ കൂലിയാണ് തൊഴിലാളികൾക്ക് നൽകാതിരിക്കുന്നത്. ഭൂരിപക്ഷം ട്രക്ക് ഉടമകളും പുതുക്കിയ കൂലി നൽകിയിട്ടും ഒരു വിഭാഗം മാത്രമാണ് കൂലി വർദ്ധിപ്പിക്കാത്തത്. അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ ലേബർ കമ്മിഷണർക്ക് പരാതി നൽകി നിയമനടപടികളിലേയ്ക്ക് പോകുമെന്ന് ബി.എം.എസ് ചാത്തന്നൂർ മേഖല കമ്മിറ്റി മുന്നറിയിപ്പ് നൽകി. ബി.എം.എസ് ജില്ലാ സെക്രട്ടറി സനിൽ കുമാർ യോഗം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ അരുൺ സതീശൻ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ്‌ അജയകുമാർ, ജില്ലാ ജോ. സെക്രട്ടറി സിന്ധു തിലക് രാജ്, മേഖല സെക്രട്ടറി ഉണ്ണി പാരിപ്പള്ളി, വൈസ് പ്രസിഡന്റ്‌ സുരേഷ് എന്നിവർ സംസാരിച്ചു.