എഴുകോൺ: കരീപ്ര പഞ്ചായത്തിൽ പ്ലൈവുഡ് ഫാക്ടറിക്ക് അനുമതി നൽകരുതെന്ന് കിസാൻ സഭ നെടുമൺകാവ് മേഖല സമ്മേളനം ആവശ്യപ്പെട്ടു. സ്ഥലത്തെ 130ൽ പരം കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്ന കുടിവെള്ള കിണറിന്റെ ഏതാനും മീറ്റർ മാത്രം മാറിയാണ് ഫാക്ടറി നിർമ്മിക്കുന്നത്. തരിശുരഹിതമായി നെൽകൃഷി ചെയ്യുന്ന 75 ഹെക്ടർ നെൽവയൽ, സമീപത്തെ വൃദ്ധ ജനങ്ങളുടെ പകൽ വീട്, അങ്കണവാടി എന്നിവയ്ക്ക് ദോഷകരമാകുമെന്നും സമ്മേളനം ആരോപിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ആർ. മുരളീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അഡ്വ. ജെ. ശ്രീകുമാർ അദ്ധ്യക്ഷനായി. ആർ. സോമൻ, ജി. മോഹനൻ, ടി.എസ്. ഓമനക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: അഡ്വ. ജെ. ശ്രീകുമാർ (പ്രസിഡന്റ്), ആർ. രാജേന്ദ്രൻ (സെക്രട്ടറി).