gopikrishnan

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചവറ മടപ്പള്ളി കുന്നത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഗോപീകൃഷ്ണനാണ് (22) ചവറ പൊലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ട് പോയി ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പീഡനവിവരം പുറത്ത് അറിയിച്ചാൽ പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴി യുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം പിടികൂടുകയായിരുന്നു. ചവറ പൊലീസ് ഇൻസ്‌പെക്ടർ കെ.ആർ.ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.