തുണയായത് കേരളകൗമുദി വാർത്ത
കൊല്ലം: അമ്മ നടത്തുന്ന തട്ടുകടയിൽ ജോലിക്കൊപ്പം പഠനം നടത്തുന്ന അഞ്ചാലുംമൂട് ഗവ. എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിനി പ്രിയദർശിനിയുടെ (16) ഡോക്ടർ സ്വപ്നത്തിന് കൈത്താങ്ങായി എൻട്രൻസ് പരിശീലന സ്ഥാപനമായ സൈലത്തിന്റെ ഫൗണ്ടറും സി.ഇ.ഒയുമായ ഡോ.അനന്തു.
സൈലം നടത്തുന്ന മെഡിക്കൽ എൻട്രൻസ് പരിശീലനം പ്രിയദർശിനിക്ക് ഇനി സൗജന്യമായി ലഭിക്കും. ടാബ്‌ലറ്റും പഠനസഹായത്തിന് ഒരുലക്ഷം രൂപയും നൽകി. കഴിഞ്ഞമാസം 30ന് നേരിട്ടെത്തിയാണ് ടാബും പണവും കൈമാറിയത്. ഡോക്ടറാകുന്നതുവരെ പ്രിയദർശിനിക്ക് പിന്തുണ നൽകുമെന്ന് ഡോ.അനന്തു അറിയിച്ചു.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം അമ്മ നടത്തുന്ന തട്ടുകടയിലെത്തി ജോലിക്കിടെ പഠിക്കുന്ന പ്രിയദർശിനിയുടെ വാർത്ത കഴിഞ്ഞ മാർച്ച് 11ന് കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടാണ് ഡോ. അനന്തു സഹായവുമായി എത്തിയത്. പ്രിയദർശിനിയും ആറാം ക്ലാസുകാരൻ പ്രിയദർശനും സ്കൂൾ വിട്ടുകഴിഞ്ഞാൽ നേരെ തട്ടുകടയിലെത്തും. ഒപ്പം ബാഗിൽ പുസ്തകങ്ങളുമുണ്ടാകും. അമ്മയ്ക്കൊപ്പം ദോശ ചുടുമ്പോഴും ആഹാരം വിളമ്പുമ്പോഴും പാഠഭാഗങ്ങൾ അവർ മനഃപാഠമാക്കും. ഇതാണ് രീതി.
വരുമാനം പ്രതിസന്ധിയിൽ
ബൈപ്പാസ് ജോലികൾ നടക്കുന്നതും മഴയും കാരണം കടവൂർ ബൈപ്പാസിന് സമീപത്തെ തട്ടുകട തുറക്കാൻ മുരുന്തൽ തിരുവാതിരയിൽ ശ്രീലേഖയ്ക്ക് (44) പലപ്പോഴും കഴിയുന്നില്ല. കടയില്ലാത്ത ദിവസങ്ങളിൽ ലോട്ടറി കച്ചവടം നടത്തും. ഭർത്താവ് ഉപേക്ഷിച്ച് പോയശേഷം പലിശയ്ക്ക് പണമെടുത്താണ് തട്ടുകട തുടങ്ങിയത്. നാല് സെന്റിലെ കിടപ്പാടം ജപ്തി ഭീഷണിയിലാണ്. ലോൺ പുതുക്കാൻ വീട് ഒറ്റിക്ക് കൊടുത്തു. ഇപ്പോൾ അഞ്ചാലുംമൂട് ചന്തയ്ക്ക് സമീപം വാടക വീട്ടിലാണ് താമസം.
ഒരാൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സഹായം നല്ല വിദ്യാഭ്യാസമാണ്. പ്രിയദർശിനിയുടെ ലക്ഷ്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം.
ഡോ.അനന്തു