dog

ചിറക്കര: കുളത്തുകോണം, ചിറക്കര ക്ഷേത്രം വാർഡുകളിൽ വ്യാഴാഴ്‌ച പത്തോളം പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. ചിറക്കര, മൂലക്കട, മാർക്കറ്റ് ജംഗ്‌ഷൻ, ക്ഷീരോത്പാദക സഹകരണ സംഘം, സഹകരണ സംഘം ജംഗ്‌ഷൻ, ഹൈസ്‌കൂൾ ജംഗ്‌ഷൻ എന്നിവിടങ്ങളിലാണ് വ്യത്യസ്‌ത സംഭവങ്ങളിലായി കടിയേറ്റത്.

രാവിലെ 6.30ന് സൊസൈറ്റിയിൽ പാലളന്ന ശേഷം മടങ്ങിയ ക്ഷീര കർഷകനാണ് ആദ്യം കടിയേറ്റത്. പത്തരയോടെ മാർക്കറ്റിൽ നിന്ന് സാധനം വാങ്ങി മടങ്ങിയ രണ്ട് സ്‌ത്രീകൾക്ക് നേരെയും നായയുടെ ആക്രമണമുണ്ടായി. ഉച്ചയ‌ക്ക് രണ്ടരയോടെ ചിറക്കര ഗവ. ഹൈസ്‌കൂളിന് സമീപം എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ആക്രമിച്ചു. കുട്ടിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാടൻകാവിന് സമീപത്തെ ഒരു വീട്ടിൽ കയറി പശുവിനെയും കടിച്ചു. ചിറക്കര ബാങ്കിന് സമീപത്തെ ഹോട്ടലിന് മുന്നിൽ നിൽക്കുകയായിരുന്ന ഹോട്ടൽ ഉടമയും ആക്രമിക്കപ്പെട്ടു. ഹോട്ടലുടമ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

പ്രദേശത്ത് മറ്റ് നായ്‌ക്കൾക്കും പേപ്പട്ടിയുടെ കടിയേറ്റെന്ന സംശയത്തിൽ നാട്ടുകാർ കുട്ടികളെ തനിയെ പുറത്ത് വിടാൻ ഭയക്കുകയാണ്.

തെരുവ് നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പ്

ചിറക്കര പഞ്ചായത്ത് മുൻകൈയെടുത്ത് ഇന്നലെ 50 ഓളം തെരുവ് നായ്‌ക്കൾക്കളെ പിടികൂടി പ്രതിരോധ കുത്തിവയ്‌പ്പ് നൽകി. വളർത്ത് മൃഗങ്ങൾക്കും കുത്തി വയ്‌പ്പെടുത്തു. പഞ്ചായത്ത് സംഘടിപ്പിച്ച പ്രതിരോധ വാക്‌‌സിനേഷൻ പ്രവർത്തനങ്ങളുമായി സഹകരിക്കാതിരുന്ന പ്രദേശത്തെ മെമ്പർമാരുടെ നടപടിയിൽ കോൺഗ്രസ് ചിറക്കര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എസ്.വി.ബൈജുലാൽ അപലപിച്ചു.