hh

കൊല്ലം: ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രമം (ആർ.ബി.എസ്.കെ) പദ്ധതിയിൽ കാരുണ്യ വഴി വിതരണം ചെയ്തിരുന്ന സൗജന്യ മരുന്ന് വിതരണം വിക്ടോറിയ ആശുപത്രിയിൽ നിലച്ചു.

പാലിയേറ്റീവ് കെയർ പദ്ധതിയിൽ രജിസ്റ്റർ ചെയ്താൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ നഴ്‌സുമാർ വീട്ടിലെത്തി മരുന്ന് വിതരണം ചെയ്യുമെന്നാണ് പറയുന്നതെങ്കിലും തങ്ങൾക്ക് നിർദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന മറുപടി.

വിക്ടോറിയ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിക് ഏർലി ഇന്റർവെൻഷൻ സെന്റർ കേന്ദ്രീകരിച്ചായിരുന്നു ആർ.ബി.എസ്.കെ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ചികിത്സയും മരുന്ന് വിതരണവും നടന്നിരുന്നത്. ശക്തമായ നിയന്ത്രണങ്ങളും ഉയർന്ന വിലയുമുള്ള ഷെഡ്യൂൾ എച്ചിൽ ഉൾപ്പെട്ട മരുന്നുകളാണ് മാനിക വെല്ലുവിളിയുള്ള കുട്ടികൾക്ക് നൽകുന്നത്. സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്കേ ഇത്തരം മരുന്ന് കുറിക്കാനാകൂ. ഇത്തരം മരുന്നുകൾ വിക്ടോറിയ ആശുപത്രി ഫാർമസിയിൽ ലഭ്യമല്ല. അതിനാൽ ആർ.ബി.എസ്.കെ പദ്ധതിയിൽ ഉൾപ്പെടുത്തി കാരുണ്യ ഫാർമസിയിൽ നിന്ന് സൗജന്യമായി വിതരണം ചെയ്യാനുള്ള കുറിപ്പടിയാണ് ഏർലി ഇന്റർവെൻഷൻ സെന്ററിലെ ഡോക്ടർമാർ നൽകിയിരുന്നത്.

മരുന്ന് ദുരുപയോഗം ചെയ്യുന്നുവെന്ന് പറഞ്ഞ് രണ്ട് വർഷം മുമ്പ് സൗജന്യമരുന്ന് വിതരണം നിറുത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ ഒരു പീഡിയാട്രീഷ്യന് ചുമതല നൽകി പദ്ധതി പുനരാരംഭിച്ചു. ഈ പീഡിയാട്രിഷ്യൻ ഒരുമാസം മുമ്പ് വിരമിച്ചതോടെയാണ് സൗജന്യ മരുന്ന് വിതരണം വീണ്ടും നിലച്ചത്.

ദുരുപയോഗമെന്ന് ന്യായീകരണം

 കുട്ടികൾ മരണപ്പെട്ട ശേഷവും ഒരു സ്ത്രീ ഡോക്ടർമാരെ സമീപിച്ച് മരുന്ന് വാങ്ങി പുറത്ത് വിറ്റു

 കുട്ടിക്ക് വാങ്ങുന്ന മരുന്ന് പിതാവ് ലഹരിവസ്തുവായി ഉപയോഗിച്ചു

 ആർ.ബി.എസ്.കെ പദ്ധതിയിലെ സൗജന്യ മരുന്ന് വിതരണമാണ് നിറുത്തിയത്

 ഒന്നോ രണ്ടോ പേരുടെ ദുരുപയോഗത്തിൽ ആയിരങ്ങൾ പ്രതിസന്ധിയിൽ

 ഗുണഭോക്താക്കളിൽ ഏറെയും പാവപ്പെട്ടവർ

പദ്ധതി ഗുണം ചെയ്യുന്നത്

 ഓട്ടിസം
 സെറിബ്രൽപാഴ്‌സി
 സ്വീസർ ഡിസോർഡർ
 എ.ഡി.എച്ച്.ഡി

ഒരുമാസം മരുന്നിന് വേണ്ടത് ₹ 4000

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുമായി നിരന്തരം എത്തിയിട്ടും പദ്ധതിയുടെ ചുമതല സ്പെഷ്യലിസ്റ്റ് ഡോക്ടർക്ക് നൽകാൻ ആശുപത്രി അധികൃതർ തയ്യാറാകുന്നില്ല.

രക്ഷിതാക്കൾ