കൊല്ലം: കുണ്ടറ പള്ളിമുക്കിൽ ആർ.ഒ.ബി നിർമ്മിക്കുന്നതിന്റെ ചെലവ് കണക്കാക്കാൻ റെയിൽവേ അധികൃതർ കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ തീരുമാനം. കെ.ആർ.എഫ്.ബി ചെലവ് സംബന്ധിച്ച രൂപരേഖ സംസ്ഥാന സർക്കാരിന് നൽകുന്നതിന് പിന്നാലെ പദ്ധതിക്ക് ഭരണാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
നിലവിൽ കൊല്ലം - ചെങ്കോട്ട പാതയിൽ രണ്ടുവരി ട്രാക്കുകളാണുള്ളത്. ഇതിന് പുറമേ മൂന്ന് ട്രാക്കുകൾ കൂടി നിർമ്മിക്കാനുള്ള സ്ഥലം ലഭിക്കുന്ന തരത്തിൽ ആർ.ഒ.ബിയുടെ രൂപരേഖ തയ്യാറാക്കണമെന്ന് റെയിൽവേ നിർദ്ദേശിച്ചു. ഇതിനായി കൂടുതൽ നീളത്തിൽ സ്പാനുകൾ നിർമ്മിക്കേണ്ടി വരും. കഴിഞ്ഞ ഫെബ്രുവരി അവസാനം രാജ്യത്തെ മറ്റ് റെയിൽവേ പദ്ധതികൾക്കൊപ്പം പ്രധാനമന്ത്രി കുണ്ടറ ആർ.ഒ.ബിയുടെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ചിരുന്നു.
എന്നാൽ സംസ്ഥാന സർക്കാർ നിർവഹണ ഏജൻസിയെ നിശ്ചയിക്കാത്തതിനാൽ തുടർ നടപടികൾ നീളുകയായിരുന്നു. കെ.ആർ.എഫ്.ബിയെ തന്നെ സംസ്ഥാന സർക്കാർ കുണ്ടറ ആർ.ഒ.ബിയുടെ നിർവഹണ ഏജൻസിയായി നിശ്ചയിച്ചേക്കും. അതിന് ശേഷമേ വിശദമായ രൂപരേഖ തയ്യാറാക്കുന്നത് അടക്കമുള്ള തുടർ നടപടികളിലേക്ക് നീങ്ങു.
യാഥാർത്ഥ്യമായാൽ കുരുക്കഴിയും
കൊല്ലം-തിരുമംഗലം പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം
കുണ്ടറയിൽ മൂന്ന് കിലോമീറ്ററിനിടയിൽ മൂന്ന് റെയിൽവേ ഗേറ്റുകൾ
റെയിൽവേ ലൈനിനോട് ചേർന്ന് ദേശീയപാത
ഗേറ്റ് അടയ്ക്കുമ്പോൾ ഗതാഗത സ്തംഭനം പതിവ്
കാൽനടയാത്രയും അസാദ്ധ്യം
അപകടങ്ങൾ പതിവ്
പ്രധാന ഓഫീസുകൾ ഗേറ്റിനപ്പുറം
മൂന്ന് ട്രാക്കുകൾ കൂടി നിർമ്മിക്കാനുള്ള സ്ഥലം ലഭിക്കുന്ന തരത്തിൽ പള്ളിമുക്ക് ആർ.ഒ.ബിയുടെ ചെലവ് കണക്കാക്കാൻ കെ.ആർ.എഫ്.ബിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
റെയിൽവേ അധികൃതർ