പരവൂർ: പരവൂർ- പൂതക്കുളം- ഊന്നിൻമൂട് റോഡിൽ ഒരു മാസം മുൻപ് നികത്തിയ കുഴികൾ വീണ്ടും പഴയപടിയായി. കുഴികളിലിട്ട ടാർ ശക്തമായ മഴയിൽ ഒലിച്ചു പോയി. പൂതക്കുളം ബാങ്ക് ജംഗ്ഷന് സമീപം യാത്ര വല്ലാത്ത ദുരിതത്തിലായിരിക്കുകയാണ്.
ഇരുചക്ര വാഹന യാത്രികർ കുഴിയും റോഡും തിരിച്ചറിയാനാകാതെ തെന്നി വീഴുന്ന സംഭവങ്ങളുമുണ്ട്. ശക്തമായ മഴ സമയത്താണ് അപകട സാദ്ധ്യത കൂടുതൽ. പരവൂരിൽ നിന്ന് പൂതക്കുളം-ഊന്നിൻമൂട്, വർക്കല, പാരിപ്പള്ളി എന്നിവിടങ്ങളിലേക്ക് നൂറു കണക്കിന് വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണെമെന്നാവശ്യപ്പെട്ട് കോൺസ് നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് മരാമത്ത് വകുപ്പ് അറ്റകുറ്റപ്പണി നടത്തിയത്. പരവൂർ-പാരിപ്പള്ളി-ഊന്നിൻമൂട് ഉൾപ്പെടെ മൂന്നു റോഡുകളുടെ നവീകരണത്തിനായി ആറുമാസം മുൻപ് 10 കോടി രൂപ അനുവദിച്ചിരുന്നു. അതിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. റോഡിലെ അപകടക്കുഴികൾ ഒഴിവാക്കണമെന്നും നവീകരണം നടത്തണമെന്നും കോൺഗ്രസ് പൂതക്കുളം സൗത്ത് മണ്ഡലം പ്രസിഡന്റ് വി.കെ. സുനിൽകുമാർ ആവശ്യപ്പെട്ടു.