chellu

കൊല്ലം: എലിപ്പനിക്കും ഡെങ്കിപ്പനിക്കും ഒപ്പം ജില്ലയിൽ ചെള്ളുപനിയും (സ്‌ക്രബ് ടൈഫസ്) സ്ഥിരീകരിച്ചത് ആശങ്കയായി. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടുപേർക്കാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. ഈ വർഷം ഇന്നലെ വരെ ആറുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 2 നാണ് ആദ്യമായി ജില്ലയിൽ ചെള്ളുപനി റിപ്പോർട്ട് ചെയ്തത്.

ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുള്ള പകർച്ചവ്യാധിയാണ് ചെള്ളുപനി. പ്രധാനമായും എലി, അണ്ണാൻ, മുയൽ തുടങ്ങിയ ജീവികളിലാണ് രോഗാണുക്കൾ കാണപ്പെടുന്നത്. എന്നാൽ മൃഗങ്ങളിൽ ഇത് രോഗമുണ്ടാക്കില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകൾ വഴിയാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.

മണ്ണും ചെടികളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന കർഷകർ,​ കർഷകത്തൊഴിലാളികൾ,​ തൊഴിലുറപ്പ് തൊഴിലാളികൾ,​ മൃഗങ്ങളെ വളർത്തുന്നവർ എന്നിവർക്ക് രോഗം ബാധിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. രോഗലക്ഷണമുള്ളവർ ഉടൻ വൈദ്യസഹായം തേടണം. നേരത്തെ കണ്ടെത്തിയാൽ സ്‌ക്രബ് ടൈഫസിനെ ആന്റി ബയോട്ടിക് മരുന്നുകൾ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാം.

സൂക്ഷിച്ചില്ലെങ്കിൽ ഗുരുതരമാകും

10 മുതൽ 12 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും
ചിഗ്ഗർ മൈറ്റ് കടിച്ച ഭാഗം ചുവന്ന് തടിച്ച പാടായി കാണും

 പിന്നീടിത് കറുത്ത വ്രണമാകും

 കക്ഷം, കാലിന്റെ ഓട്ടി, ജനനേന്ദ്രിയങ്ങൾ, കഴുത്ത് എന്നിവിടങ്ങളിലാണ് പാടുകൾ കാണാറുള്ളത്

 വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, കഴലവീക്കം, പേശീവേദന, വരണ്ട ചുമ

 ചുരുക്കം പേരിൽ തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കാം

മുൻകരുതൽ

 പുല്ലിൽ ജോലി ചെയ്യുമ്പോൾ ശരീരം മൂടത്തക്കവിധം വസ്ത്രം ധരിക്കണം

 ആഹാരാവശിഷ്ടങ്ങൾ ശരിയായ രീതിയിൽ സംസ്‌കരിക്കണം

 ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം തേച്ചുരച്ച് കഴുകണം

 വസ്ത്രങ്ങൾ കഴുകി നിലത്തോ പുല്ലിലോ ഉണക്കരുത്

 രോഗസാദ്ധ്യതയുള്ളിടങ്ങളിൽ ജോലി ചെയ്യുമ്പോൾ കൈ-കാലുറകൾ ധരിക്കുക

ചിഗ്ഗർ മൈറ്റുകളെ കീടനാശിനികൾ ഉപയോഗിച്ച് നിയന്ത്രിക്കാം

ഏതാനും പേർക്കേ രോഗം ബാധിച്ചിട്ടുള്ളുവെങ്കിലും ജാഗ്രത പുലർത്തണം. വ്യക്തിശുചിത്വവും സാമൂഹ്യശുചിത്വവും പ്രാധാനമാണ്.

ആരോഗ്യവകുപ്പ് അധികൃതർ