d

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയെ തകർക്കാൻ ഗൂഢ നീക്കം. ഇതിന്റെ ഭാഗമായി പ്രൈവറ്റ് രജിസ്ട്രേഷന് എം.ജി യൂണിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ചു. കേരള, കാലിക്കറ്റ്, കണ്ണൂർ യൂണിവേഴ്സിറ്റികളും ഇതേ പാതയിലാണ്. പ്രൈവറ്റ് രജിസ്ട്രേഷന് യു.ജി.സി അംഗീകാരമില്ല. വിദ്യാർത്ഥികൾ വഞ്ചിക്കപ്പെടുമെന്നറിഞ്ഞിട്ടും സർക്കാർ ഇടപെട്ടിട്ടില്ല.

അനുമതി ഇല്ലാത്ത കോഴ്സിന്റെ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കരുതെന്ന യു.ജി.സി നിർദ്ദേശമുൾപ്പെടെ വന്നേക്കാം. ഇതൊന്നുമറിയാതെ പ്രൈവറ്റ് രജിസ്ട്രേഷന് ചേരുന്ന വിദ്യാർത്ഥികൾ ചതിക്കുഴിൽപ്പെടും.

മറ്റ് യൂണിവേഴ്സിറ്റികൾ നടത്തുന്ന പ്രൈവറ്റ് പഠനവും വിദൂരപഠനവും ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിക്ഷിപ്തമാക്കുമെന്ന് 2021 ലെ ഓപ്പൺ യൂണിവേഴ്സിറ്റി ആക്ടിൽ പറയുന്നുണ്ട്. പ്രൈവറ്റ് രജിസ്ട്രേഷൻ അനുവദനീയമല്ലെന്ന് യു.ജി.സിയുടെ സ്റ്റാൻഡിംഗ് കോൺസൽ ഹൈക്കോടതിയിലും വ്യക്തമാക്കിയിരുന്നു. ഇതിനൊക്കെ വിരുദ്ധമാണ് ഇപ്പോഴത്തെ നീക്കം.

കൈവിട്ട് സർക്കാരും

പലതവണ ആവശ്യപ്പെട്ടിട്ടും സ്ഥിരം അദ്ധ്യാപക-അനദ്ധ്യാപക തസ്തിക ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അനുവദിച്ചില്ല. ഡെപ്യൂട്ടേഷനിലെത്തിയ അഞ്ച് പഠന സ്കൂളുകളുടെ മേധാവികളൊഴിച്ചാൽ മറ്റെല്ലാ അദ്ധ്യാപകരും കരാർവ്യവസ്ഥയിലുള്ളവരാണ്. സർക്കാർ ഗ്രാന്റ് ലഭിക്കാനും നിരന്തരം ആവശ്യപ്പെടേണ്ട സ്ഥിതി. അദ്ധ്യാപക-അനദ്ധ്യാപകരുടെ ശമ്പളം മുടങ്ങുന്ന അവസ്ഥയുമുണ്ട്.

ഓപ്പണിൽ എല്ലാം

അംഗീകൃതം
 മറ്റ് യൂണിവേഴ്സിറ്റികളുടെ സർട്ടിഫിക്കറ്റുകൾക്ക് തത്തുല്യം
 എല്ലാ കോഴ്സിനും പി.എസ്.സി, യു.പി.എസ്.സി അംഗീകാരം
 ഇരട്ട ഡിഗ്രി പഠനം. ആറ് വിഷയങ്ങളിൽ 4 വർഷ ബിരുദം

ഡിജിറ്റൽ പ്രിന്റ് പഠന സാമഗ്രികൾ. ഓഡിയോ,​ വീഡിയോ ക്ലാസ്

 നേരിട്ടുള്ള ക്ലാസിന് പുറമേ ഓൺലൈൻ ക്ലാസ്,​ 4 പ്രാദേശിക കേന്ദ്രങ്ങൾ

ഓൺലൈൻ ക്ലാസിന് പ്രത്യേക ആപ്പ്,​ 23 ലേണർ സപ്പോർട്ട് സെന്ററുകൾ

ബിരുദ കോഴ്സുകൾ

16

പി.ജി കോഴ്സുകൾ

12