കൊല്ലം: കശുഅണ്ടി വ്യവസായ മേഖലയോടുള്ള എൽ.ഡി.എഫ് സർക്കാരിന്റെ സമീപനത്തിനെതിരെ യു.ടി.യു.സി നേതാവ് എ.എ.അസീസ് നടത്തിയ പ്രതികരണം വസ്തുതാവിരുദ്ധമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ. യു.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ എൽ.ഡി.എഫിനൊപ്പം നിന്ന് പ്രക്ഷോഭം നടത്തിയ നാളുകൾ അസീസ് മറക്കരുത്. അസീസ് മറന്നാലും കശുഅണ്ടി തൊഴിലാളികളും പൊതുജനങ്ങളും മറക്കില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
യു.ഡി.എഫ് ഭരണകാലത്ത് 11 മാസം ഫാക്ടറികൾ അടഞ്ഞുകിടന്നു. എൽ.ഡി.എഫ് ഫാക്ടറികൾ തുറക്കുകയും യു.ഡി.എഫ് സർക്കാർ കുടിശ്ശിക വരുത്തിയ 5 വർഷത്തെ ഗ്രാറ്റുവിറ്റി ഉൾപ്പെടെ 85 കോടി രൂപ കൊടുക്കുകയും ചെയ്തു. 4000 തൊഴിലാളികൾക്ക് പുതുതായി തൊഴിൽ നൽകി. കേന്ദ്രസർക്കാരിന് കശുഅണ്ടി മേഖലയോടുള്ള സമീപനത്തെക്കുറിച്ച് യു.ടി.യു.സിക്ക് ഒന്നും പറയാനില്ല. വസ്തുത മനസിലാക്കുന്ന കൊല്ലത്തെ ജനങ്ങളും തൊഴിലാളികളും അസീസിന്റെ പ്രസ്താവനയെ അവജ്ഞയോടെ തള്ളിക്കളയുമെന്നും എസ്.സുദേവൻ പറഞ്ഞു.